Connect with us

Ongoing News

വാരാണസിയിൽ മോദിക്കെതിരെ മത്സരിക്കും: പുറത്താക്കിയ ബി എസ് എഫ് ജവാൻ

Published

|

Last Updated

തേജ് ബഹദൂർ യാദവ്

ന്യൂഡൽഹി: വാരാണസിയിൽ കർഷകർക്ക് പിന്നാലെ പ്രധാനമന്ത്രി മോദിക്കെതിരെ മത്സരിക്കാൻ ജവാൻ തേജ് ബഹദൂർ യാദവ്. അതിർത്തിയിലെ സൈനികർക്ക് മോശം ഭക്ഷണം നൽകുന്നുവെന്ന കാര്യം ഫേസ്ബുക്ക് വീഡിയോയിൽ പങ്കുവെച്ചതിന്റെ പേരിൽ ബി എസ് എഫിൽ നിന്ന് പുറത്താക്കിയ ജവാനാണ് മോദിക്കെതിരേ മത്സരിക്കുന്നത്.

സൈനികരുടെ പേരിലാണ് പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നതെന്നും എന്നാൽ, അവർക്ക് വേണ്ടി മോദി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിലെ അഴിമതി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യവിഷയമായി ഉന്നയിക്കും. താൻ ജയിക്കാൻ വേണ്ടിയല്ല മത്സരിക്കുന്നതെന്നും സൈനിക വിഭാഗങ്ങളെ പ്രത്യേകിച്ച് അർധ സൈനികരെ മോദി സർക്കാർ എങ്ങനെ തകർത്തുവെന്ന് വെളിപ്പെടുത്താനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുൽവാമയിൽ കൊല്ലപ്പെട്ട അർധസൈനികർക്ക് സർക്കാർ രക്തസാക്ഷികളുടെ പദവി പോലും നൽകിയിട്ടില്ല. തേജ് ബഹദൂർ സ്വതന്ത്ര സ്ഥാനാർഥിയായാണ് വാരാണസിയിൽ മത്സരിക്കുന്നത്. നിരവധി രാഷ്ട്രീയപാർട്ടികളെ സ്ഥാനാർഥിയാകാനുള്ള സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ആരും തന്നെ സഹായിച്ചില്ലെന്നും അതിനാൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും ഹരിയാനയിലെ റെവാരി സ്വദേശിയായ തേജ് ബഹദൂർ പറഞ്ഞു. വാരാണസിയിൽ ഉടൻ പ്രചാരണം ആരംഭിക്കുമെന്നാണ് തേജ് അറിയിച്ചിരിക്കുന്നത്. വിരമിച്ച സൈനികരുടെയും കർഷകരുടെയും സഹായത്തോടെയും പിന്തുണയോടെയുമായിരിക്കും തന്റെ പ്രചാരണമെന്നും അദ്ദേഹം അറിയിച്ചു.
2017 ജനുവരിയിലാണ് ഫേസ്ബുക്ക് വഴി ഭക്ഷണത്തിന്റെ നിലവാരത്തെപ്പറ്റി ഇദ്ദേഹം പരാതിപ്പെട്ടത്.

മാത്രമല്ല ഉയർന്ന ബി എസ് എഫ് സൈനികോദ്യോഗസ്ഥർ ജവാന്മാർക്കായി നൽകാൻ എത്തിക്കുന്ന ഭക്ഷണ സാമഗ്രികൾ അനധികൃതമായി മറിച്ചു വിൽക്കുന്നുണ്ടെന്നും ഇയാൾ ആരോപിച്ചിരുന്നു.

സംഭവം വിവാദമായെങ്കിലും ആരോപണങ്ങൾ നിഷേധിച്ച് ബി എസ് എഫ് നിലപാടെടുത്തു. തുടർന്ന് മൂന്ന് മാസങ്ങൾ നീണ്ട കോർട്ട് മാർഷൽ നടപടിക്രമങ്ങൾക്ക് ശേഷം തേജ് ബഹദൂറിനെ പുറത്താക്കി. ഇതിനെതിരെ അദ്ദേഹം നിയമ നടപടികളുമായി മുന്നോട്ട് പോയിരുന്നു. ഈ കേസ് വിചാരണ ഘട്ടത്തിലാണ്.