രാഹുലിന്റെ വരവ് വയനാടിനെ വി വി ഐ പി മണ്ഡലമാക്കും

Posted on: March 31, 2019 12:01 pm | Last updated: March 31, 2019 at 7:36 pm
രാഹുൽ വയനാട്ടിൽ സ്ഥാനാർഥിയാകുന്നുവെന്ന വാർത്തയറിഞ്ഞ് ഡി സി സി ആസ്ഥാനത്ത് ആഹ്ലാദിക്കുന്ന നേതാക്കൾ

കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ ജനവിധി തേടുമെന്ന പ്രഖ്യാപനം പുറത്ത് വരുമ്പോൾ വയനാട് ദേശീയ ശ്രദ്ധയിലേക്ക് നീങ്ങുകയാണ്. കോൺഗ്രസ് ഒറ്റക്ക് അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാൻ സാധ്യതയുള്ള രാഹുലിന്റെ വരവ് സംസ്ഥാനത്തെ മൊത്തം യു ഡി എഫിന് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

നേരത്തെ ഏറെ അനിശ്ചിതത്വം നേരിട്ട പിന്നാക്ക ജില്ലയായ വയനാട് മണ്ഡലത്തിൽ രാഹുൽ മത്സരിക്കുന്നത് ഒട്ടേറെ പുരോഗമന സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് വയനാട്ടുകാർ. അമേഠി പോലെ വയനാടും ശ്രദ്ധേയമാവുമെന്ന പ്രതീക്ഷയിലാണ്.

എം ഐ ഷാനവാസ് 2009 ൽ മത്സരിച്ച് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്. 2014 ൽ പക്ഷെ വെറും 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പിന്നിട് എം ഐ ഷാനവാസിന്റെ മരണത്തോടെയാണ് മണ്ഡലത്തിൽ നറുക്ക് ടി സിദ്ധീഖിന് വീണത്.  പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചിരുന്നുവെങ്കിലും രാഹുലിന്റെ വരവ് ഉറപ്പായതോടെ സിദ്ധീഖ് പിന്‍മാറുകയായിരുന്നു.

നേരത്തെ മൂന്ന് തവണയാണ് ഗാന്ധി കുടുംബം ദക്ഷിണേന്ത്യയിൽ മത്സരിച്ചത്. കർണാടകയിലെ ചിക് മാംഗളൂരിൽ ഇന്ദിരാഗാന്ധിയും ബെല്ലാരിയിൽ സോണിയാഗാന്ധിയും ജനവിധി തേടിയിരുന്നു. ആന്ധ്രയിലും ഇന്ദിരാഗാന്ധി ജനവിധി തേടിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ആദ്യമായാണ് ഗാന്ധി കുടുംബം മത്സരത്തിനെത്തുന്നത്.
യു ഡി എഫിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് വയനാട് മണ്ഡലം. മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട്, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വയനാട്ടിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങൾ ഉൾകൊള്ളുന്നതാണ് വയനാട് മണ്ഡലം.

സി പി ഐയിലെ വി പി സുനീറാണ് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി. സുനീറിന്റെ പ്രചാരണം പൊടിപൊടിക്കുന്നതിനിടെയാണ് രാഹുലിന്റെ വരവ് അനൗൺസ്‌ ചെയ്തിരിക്കുന്നത്.