Connect with us

Ongoing News

രാഹുലിന് വഴിയൊരുക്കാൻ തിരക്കിട്ട നീക്കം

Published

|

Last Updated

സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വഴിയൊരുക്കാൻ തിരക്കിട്ട നീക്കം തുടരുന്നു. ഉത്തർപ്രദേശിലെ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിച്ച് രാഹുൽ ഗാന്ധിയെ രണ്ടാം മണ്ഡലമായി വയനാട്ടിൽ എത്തിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയാകുന്നതുമായി ബന്ധപ്പെട്ട വിവാദം ദേശീയ തലത്തിലുൾപ്പെടെ പാർട്ടിക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് പ്രിയങ്കയെ മോദിക്കെതിരെ രംഗത്തിറക്കുന്നത് പരിഗണിക്കുന്നത്.

കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് രാഹുൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. തീരുമാനം മൂന്ന് ദിവസത്തിനകം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

കർണാടകയിലെ രണ്ട് മണ്ഡലങ്ങളാണ് രാഹുൽ ഗാന്ധിക്കായി പരിഗണിച്ചിരുന്നത്. കർണാടകയിലെ വിജയസാധ്യതയിൽ ഹൈക്കമാൻഡിന് ആശങ്കയുള്ളതിനാൽ വയനാടിന് തന്നെയാണ് പ്രഥമ പരിഗണന. ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെന്ന യു പി എ ഘടകകക്ഷികളുടെ നിലപാടാണ് വിലങ്ങുതടി. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് അഭ്യൂഹം ഉയർന്നതോടെ സുരക്ഷിത മണ്ഡലം തേടിപ്പോയെന്ന് ബി ജെ പി പ്രചാരണം തുടങ്ങിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കുന്നതിലൂടെ ഇത് മറികടക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. വാരാണസിയിൽ പ്രിയങ്കയെ മത്സരിപ്പിച്ചാൽ മോദിയെ പ്രതിരോധത്തിലാക്കി മണ്ഡലത്തിൽ തളച്ചിടാനാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ഇത് മറ്റ് സീറ്റുകളിലെ ബി ജെ പിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും കോൺഗ്രസ് ഹൈക്കമാൻഡ് കണക്കുകൂട്ടുന്നു.

പ്രിയങ്ക മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടി ഇതുവരെ കൃത്യമായ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം പ്രിയങ്കക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. എന്നാൽ സ്ഥാനാർഥിത്വം സംബന്ധിച്ച് വ്യക്തിപരമായി താത്പര്യം പ്രകടിപ്പിക്കാത്ത പ്രിയങ്ക, പാർട്ടി ആവശ്യപ്പെട്ടാൽ എവിടെയും മത്സരിക്കാൻ സന്നദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു.
അതിനിടെ, വയനാട് സീറ്റിൽ അനിശ്ചിതത്വം തുടരുന്നതിനെതിരെ മുസ്‌ലിം ലീഗ് രംഗത്തുവന്നു. വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം വ്യാഴാഴ്ചയാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിൽ അവ്യക്തത തുടരുന്നത് കേരളത്തിലെ മൊത്തം സാധ്യതയെ ബാധിക്കുമെന്നാണ് ലീഗ് നേതാക്കളുടെ ആശങ്ക.

വയനാടിന്റെ കാര്യത്തില്‍  തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചനകള്‍. ഇതു സംബന്ധിച്ച് ഡല്‍ഹിയില്‍ കൂടിയാലോചനകള്‍ നടന്നു വരികയാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest