ന്യൂഡല്‍ഹി: ഉപഗ്രഹ വിക്ഷേപണവും റോക്കറ്റ് പരീക്ഷണങ്ങളും ജനങ്ങള്‍ക്ക് നേരിട്ടുകാണന്‍ അവസരമൊരുക്കി ഐഎസ്ആര്‍ഒ. തിങ്കളാഴ്ച 29 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 45 റോക്കറ്റ് കുതിച്ചുയരുന്നത് കാണാന്‍ ശ്രീഹരിക്കോട്ടയിലെ സധീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ പ്രത്യേക ഗ്യാലറി സജ്ജമാക്കി. അയ്യായിരം പേര്‍ക്ക് ഇവിടെയിരുന്ന് വിക്ഷേപണം നേരിട്ടുകാണാം. പ്രവേശനം സൗജന്യമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ രണ്ട് ലോഞ്ച് പാഡുകള്‍ക്കും അഭിമുഖമായാണ് ഗ്യാലറി സജ്ജീകരിച്ചിരിക്കുന്നത്. വിക്ഷേപണത്തറയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണിത്. ഐഎസ്ആര്‍ഒ സ്ഥാപിക്കുന്ന തീം പാര്‍ക്കിന്റെ ഭാഗമാണ് ഈ ഗ്യാലറി.
അതേസമയം, തിങ്കളാഴ്ചത്തെ വിക്ഷേപണം കാണാന്‍ ആയിരം പേര്‍ക്ക് മാത്രമാണ് അവസരം നല്‍കുക. രാവിലെ ഒന്‍പതരയ്ക്ക് നടക്കുന്ന വിക്ഷേപണം കാണാന്‍ എട്ടു മണിക്കേ സ്റ്റേഡിയില്‍ എത്തണമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പത്ത് വയസ്സിന് മുകളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് പ്രവേശനം. വിക്ഷേപണം കാണാന്‍ താത്പര്യമുള്ളവര്‍ ഐഎസ്ആര്‍ഒ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഓണ്‍ലൈനായി പാസ് ലഭിക്കും.