വയനാട്ടിലെ അനിശ്ചിതത്വം മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ വിജയത്തെയും ബാധിക്കും: പി കെ കുഞ്ഞാലിക്കുട്ടി

Posted on: March 30, 2019 6:25 pm | Last updated: March 31, 2019 at 11:22 am

മലപ്പുറം: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ തീരുമാനം വൈകുന്നത് സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ വിജയത്തെ ബാധിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. എത്രയും വേഗത്തില്‍ വയനാടില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കണം. അല്ലെങ്കില്‍ വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളെ പ്രചാരണത്തിനും വിജയത്തിനും ഇത് മങ്ങലേല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

സംസ്ഥാനത്തെ 20 മണ്ഡലത്തിലും ഈ വിഷയം ഇടതുപക്ഷവും എന്‍ ഡി എ സഖ്യവും പ്രചാരണ വിഷയമാക്കും. എന്ത് തീരുമാനം ആണെങ്കിലും വൈകരുതെന്നും ലീഗിന്റെ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാഹുല്‍ ഗാന്ധി വരുന്നത് വളരെ സ്വാഗതാര്‍ഹമാണെന്നും ഒരു മണ്ഡലത്തില്‍ മാത്രം ഏകപക്ഷീയമായി രാഷ്ട്രീയ ക്യാമ്പയിന്‍ നടക്കുന്നത് മറ്റു മണ്ഡലങ്ങളില്‍ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി ആശങ്ക അറിയിച്ചു. തുടര്‍ന്ന് പ്രശ്‌നം സംബന്ധിച്ച് പാണക്കാട് അടിയന്തര രാഷ്ട്രീയ നേതൃയോഗം ചേര്‍ന്നു.

യോഗത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ്, ഡോ. എം കെ മുനീര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.