ബ്രക്‌സിറ്റ് കരാര്‍ മൂന്നാം തവണയും ബ്രിട്ടീഷ് പാര്‍ലിമെന്റ് തള്ളി

Posted on: March 29, 2019 9:37 pm | Last updated: March 30, 2019 at 11:56 am

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടനെ സ്വതന്ത്രമാക്കുന്നതിന് തയ്യാറാക്കിയ പരിഷ്‌കരിച്ച ബ്രെക്‌സിറ്റ് കരാറും ബ്രിട്ടിഷ് പാര്‍ലമെന്റ് തള്ളി. പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച കരാര്‍ 286നെതിരെ 344 വോട്ടുകള്‍ക്കാണ് പാര്‍ലിമെന്റ് തള്ളിയത്. ഇത് മൂന്നാംതവണയാണ് കരാര്‍ പാര്‍ലിമെന്റില്‍ പരാജയപ്പെടുന്നത്.

ബ്രക്‌സിറ്റ് പ്രതിസന്ധിക്ക് പരിഹാരമായി നിരവധി എംപിമാര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചിരുന്നു. അതും പാസ്സായിരുന്നില്ല. ഇതോടെയാണു പാസായാല്‍ രാജിവയ്ക്കാം എന്ന് പ്രഖ്യാപിച്ച് തെരേസ മേ പുതിയ കരാര്‍ അവതരിപ്പിച്ചത്. അതും പരാജയപ്പെടുക തന്നെ ചെയ്തു.

2016ല്‍ ബ്രിട്ടനില്‍ നടന്ന ഹിത പരിശോധനയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന വാദത്തിന് മുന്‍തൂക്കം ലഭിച്ചതോടെയാണ് ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. രാജ്യത്തെ പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും പങ്കെടുക്കാമായിരുന്ന ഹിതപരിശോധനയില്‍ 71.8 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഇതില്‍ 51.9 ശതമാനവും ബ്രക്‌സിറ്റിന് അനുകൂലമായിരുന്നു.