Connect with us

National

ഇടതുപക്ഷവും കോണ്‍ഗ്രസും മണ്ഡലത്തിലെ ശക്തിക്കനുസരിച്ച് പരസ്പരം വോട്ട് ചെയ്യണം: സി പി എം ബംഗാള്‍ സെക്രട്ടറി

Published

|

Last Updated

കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് ധാരണ പൊളിഞ്ഞെങ്കിലും പല മണ്ഡലങ്ങളിലും വോട്ട്മറിക്കല്‍ അടക്കമുള്ള രഹസ്യ നീക്കങ്ങള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി സി പി എം സംസ്ഥാന സെക്രട്ടറി. തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയുമാണ് മുഖ്യ എതിരാളികള്‍. ഇവരെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം.

ഇടത് സ്ഥാാര്‍ഥിയുള്ള മണ്ഡലമാണെങ്കിലും ആ മണ്ഡലത്തില്‍ കോണ്‍ഗ്രസിനാണ് ശക്തിയെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യുമെന്ന് ബംഗാള്‍ സി പി എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള സീറ്റു ധാരണ നടക്കാതെ പോയതില്‍ പരസ്പരം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. എന്തുകൊണ്ട് ധാരണയുണ്ടായില്ലെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ബി ജെ പിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും തോല്‍പ്പിക്കുകയാണ് പ്രധാനം. നിങ്ങളുടെ മണ്ഡലത്തില്‍ ബി ജെ പി, തൃണമൂല്‍ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ കരുത്ത് കോണ്‍ഗ്രസിനാണെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യുക. ഇടതുപക്ഷത്തിനാണ് ആ കരുത്തെങ്കില്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്യുക-സൂര്യകാന്ത മിശ്ര പറഞ്ഞു.

കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് സി പി എം ആഗ്രഹിക്കുന്നത്. ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മതേതര സര്‍ക്കാരിന് ഞങ്ങളുടെ പിന്തുണ അനിവാര്യമെങ്കില്‍ തീര്‍ച്ചയായും പിന്തുണക്കും. മമതയും ബി ജെ പിയും തമ്മില്‍ സഹകരണമാണ്. 10-12 സീറ്റുകളില്‍ ബംഗാളില്‍ ഈ സഹകരണമുണ്ട്. പ്രതിപക്ഷ നിരയില്‍ ബി ജെ പിയുടെ ട്രോജന്‍ കുതിരയാണ് തൃണമൂല്‍ കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.