തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് ഗുരുതര കുറ്റകൃത്യമാക്കണമെന്ന് യു എന്‍ പ്രമേയം

Posted on: March 29, 2019 12:57 pm | Last updated: March 29, 2019 at 5:40 pm

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തെ എതിര്‍ത്തുകൊണ്ടുള്ള യു എന്‍ രക്ഷാസമതിയുടെ പ്രമേയത്തിന് അംഗീകാരം. ഗുരുതരായ കുറ്റകൃത്യമെന്ന നിലയില്‍ എല്ലാ രാജ്യങ്ങളും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ക്കെതിരെ നിയമം നിര്‍മിക്കണമെന്നും പ്രമേയത്തിലുണ്ട്. പ്രമേയം യുഎന്‍ രക്ഷാ സമതി അംഗീകരിച്ചു.

പ്രമേയത്തെ അനുകൂലിച്ച ഇന്ത്യ നിയമം ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്താനും ഇന്ത്യ തയ്യാറായി. നിയമലംഘനത്തിനുള്ള വഴികള്‍ കണ്ടെത്തുന്നതിന് ഭീകരര്‍ എല്ലാ കാലത്തും ക്രിയാത്മകമായാണ് പ്രവര്‍ത്തിക്കുന്നത്. ഭീകരതയുടെ വക്താക്കള്‍ സഹായങ്ങള്‍ തുടരുകയും ഭീകരതയെ നീതികരിക്കുകയും ചെയ്യുന്നുവെന്നതാണ് ദു:ഖകരമായ യാഥാര്‍ഥ്യം ഗുരുതരമായ ഈ കുറ്റകൃത്യം അവര്‍ ഇന്നും തുടരുന്നുവെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബാറുദീന്‍ പറഞ്ഞു. പ്രമേയത്തിലല്ല നടപ്പാക്കുന്നതിലാണ് അതിന്റെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ ഫണ്ടിങ് കണ്ടെത്തുന്നതിനായി സാമ്പത്തിക രഹസ്യാന്വേഷണ യൂണിറ്റുകള്‍ രൂപീകരിക്കണമെന്നും പ്രമേയത്തിലുണ്ട്.