Connect with us

Kozhikode

കണ്ണീരുവീഴ്ത്തിയ പടിയിറക്കം

Published

|

Last Updated

രാഷ്ട്രീയം മടുത്തുവെന്ന് പറയുകയാണ് കാൽനൂറ്റാണ്ടിലേറെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കെ കെ രാമചന്ദ്രൻ മാസ്റ്റർ. വയനാടിനെക്കുറിച്ചാണ് എങ്ങും ചർച്ച. കോൺഗ്രസിന്റെ സ്ഥാനാർഥി ആരെന്നതിനെക്കുറിച്ചുള്ള വിവാദങ്ങൾക്ക് ശേഷം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ മത്സരിക്കുമെന്ന വാർത്ത വന്നുകൊണ്ടിരിക്കുകയാണ്.

അതേ വയനാട്ടിൽ, ഒരു പുരുഷായുസ്സ് മുഴുവൻ കോൺഗ്രസിന് വെള്ളവും വളവും നൽകിയ തേരാളിയാണ് കെ കെ രാമചന്ദ്രൻ മാസ്റ്റർ. ചൂടേറിയ പുതിയ രാഷ്ട്രീയ ചർച്ചകളിൽ ഇടപെട്ടാൽ ഒരു കാര്യം ഉറപ്പാണ്. ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നിലപാടുകളെ രാമചന്ദ്രൻ മാസ്റ്റർ തീർത്തും എതിർക്കും. 200ഓളം പേജുള്ള തന്റെ ആത്മകഥയിൽ ഈ രണ്ട് പേരെയും നിശിതമായി വിമർശിക്കാൻ ഒരുപാട് പേജുകളാണ് അദ്ദേഹം ചിലവഴിച്ചത്. പുതിയ ചർച്ചകളിൽ മാസ്റ്ററുടെ അഭിപ്രായമെന്തെന്ന് ചോദിക്കാൻ പുതിയ നേതൃത്വത്തിന് താത്പര്യമൊന്നുമില്ല. അഥവാ ചോദിച്ചാൽ അദ്ദേഹം പറയും. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ശരിയല്ല. ഇത്തരം അഭിപ്രായപ്രകടനങ്ങൾ ആർക്കെങ്കിലും ഇഷ്ടപ്പെടുമോ ഇല്ലേ എന്നൊന്നും മാസ്റ്റർക്ക് പ്രശ്‌നമില്ല. ഒരു കാര്യം അദ്ദേഹം തുറന്ന് പറയും. തന്റെ മൂന്ന് മക്കളിൽ ആരെയും താൻ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. അവർക്ക് രാഷ്ട്രീയം ഇഷ്ടമായിരുന്നു. എന്നാൽ, ഈ അഴിമതിക്കൂമ്പാരത്തിലേക്ക് അവരെ വലിച്ചിഴക്കേണ്ടെന്ന് കരുതി.

1980 മുതൽ 1987 വരെ സുൽത്താൻ ബത്തേരി എം എൽ എ, 1991 മുതൽ 2001 വരെ കൽപ്പറ്റ എം എൽ എ, 1994ൽ ഭക്ഷ്യ മന്ത്രി, 2004ൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2015ൽ ദൃശ്യമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു ചിത്രമുണ്ടായിരുന്നു. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ കണ്ണീരുറ്റിച്ചുകൊണ്ട് രാമചന്ദ്രൻ മാസ്റ്റർ കെ പി സി സി ആസ്ഥാനത്തിന്റെ പടിയിറങ്ങുന്ന ചിത്രം.
കാൽനൂറ്റാണ്ടിലധികം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കെ കെ രാമചന്ദ്രൻ മാസ്റ്റർ ഈ പുറത്താക്കപ്പെടലോടെ മെല്ലെ മെല്ലെ വിശ്രമജീവിതത്തിലേക്ക് മാറി.

കണ്ണൂരിൽ ജനിച്ച് വയനാടിനേയും കോഴിക്കോടിനേയും കർമഭൂമിയായി തിരഞ്ഞെടുത്തതാണ് മാസ്റ്ററുടെ ചരിത്രം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ പഴയ തിരഞ്ഞെടുപ്പ് വർത്തമാനങ്ങളൊക്കെ മാസ്റ്ററുടെ ഓർമയിലുണ്ട്. നല്ലൊരു മൈക്ക് അനൗൺസറായിട്ടായിരുന്നു രാമചന്ദ്രൻ മാസ്റ്റരുടെ രാഷ്ട്രീയ പ്രവേശനം.

കത്ത് അയച്ചും പോസ്റ്റർ ഒട്ടിച്ചുമൊക്കെ രാഷ്ട്രീയ രംഗത്ത് സജീവമായ കാലഘട്ടം. തിരഞ്ഞെടുപ്പ് യോഗങ്ങൾ നടക്കുമ്പോൾ, പൊതുജനങ്ങൾക്ക് നൽകുന്ന കത്തിൽ യോഗത്തിന് ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണെന്ന് നോട്ടീസിൽ പ്രത്യേകം ചേർത്തിയടിച്ചത് മാസ്റ്റർ ഇന്നും ഓർക്കുകയാണ്.

1962ൽ വരദൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി വയനാട്ടിൽ പൊതുപ്രവർത്തനം തുടങ്ങിയ മാസ്റ്റർ ക്രമേണയാണ് വയനാടിന്റെ സാരഥിയായി നിയമസഭയിലെത്തിയത്. ലീഡർ കെ കരുണാകരന്റെ ഉറ്റമിത്രമായിരുന്നു. കരുണാകരന്റെ കനിവ് കൊണ്ടാണ് 1980ൽ സുൽത്താൻ ബത്തേരിയിൽ നിന്ന് താൻ എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് മാസ്റ്ററുടെ വിശ്വാസം.
നീതി നിഷേധിക്കപ്പെട്ട തമിഴ് തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് നടന്ന എസ്റ്റേറ്റ് സമരത്തിനിടെ ഇളമ്പിലേരി എസ്റ്റേറ്റിൽ നിന്ന് മാറാപാണ്ടിയൻ എന്ന എസ്റ്റേറ്റ് മുതലാളി തന്നെ ഉന്നം വെച്ച് വെടിയുതിർത്തത് മാസ്റ്റർ ഇന്നും ഞെട്ടലോടെ ഓർക്കുന്നു. തന്റെ തൊട്ടടുത്തുണ്ടായിരുന്ന തമിഴ്‌തൊഴിലാളിയുടെ നെഞ്ചിലാണ് ആ വെടി കൊണ്ടത്. തത്ക്ഷണം അയാൾ മരിച്ചു.

1980ൽ അധികാരത്തിൽ വന്ന നായനാർ മന്ത്രിസഭക്ക് ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനെ തുടർന്നുണ്ടായ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐ വിഭാഗത്തിന്റെ സ്ഥാനാർഥിയായാണ് രാമചന്ദ്രൻ മാസ്റ്റർ ബത്തേരിയിൽ നിന്ന് വീണ്ടും എം എൽ എയായത്.

2004ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ- കുടുംബക്ഷേമ മന്ത്രിയായെങ്കിലും ഫോൺചോർത്തൽ വിവാദത്തിന്റെ ഫലമായി മന്ത്രിപദം രാജിവെക്കേണ്ടി വന്നു. എന്നാൽ ഫോൺ ചോർത്തൽ ആരോപണത്തിന്റെ പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പൂഴ്ത്തിയെന്നാണ് രാമചന്ദ്രൻ മാസ്റ്ററുടെ ആരോപണം.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1841 വോട്ടുകൾക്കാണ് മാസ്റ്റർ പരാജയപ്പെട്ടത്. ഇതിന്റെ പിന്നിലാരാണെന്ന് രാമചന്ദ്രൻ മാസ്റ്റർ തെളിച്ചു പറയും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ. 1999ൽ വെള്ളമുണ്ടയിൽ പാർട്ടി യോഗം വിളിച്ചുകൂട്ടി മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിക്കണമെന്നും എ പി അബ്ദുല്ലക്കുട്ടിയെ വിജയിപ്പിക്കണമെന്നും സ്വന്തം പാർട്ടിക്കാർക്ക് നിർദേശം കൊടുത്ത ഒരു ഘടകകക്ഷി സംസ്ഥാന നേതാവിനേയും തനിക്കറിയാമെന്ന് രാമചന്ദ്രൻ മാസ്റ്റർ പറയുന്നു.

Latest