നട്ടുച്ചക്കും ജോലി; അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില

Posted on: March 29, 2019 12:02 pm | Last updated: March 29, 2019 at 12:03 pm
അധികൃതരുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി തിരൂരില്‍
ജോലിയിലേര്‍പ്പെട്ട തൊഴിലാളികള്‍

തിരൂര്‍: ചൂട് കഠിനമായി തുടര്‍ന്നിട്ടും പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ ദുരിതം കാണാന്‍ തയ്യാറാവാത്ത മേലുദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു. സൂര്യാഘാത സാധ്യത ഉള്ളതിനാല്‍ പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് സമയം നിജപ്പെടുത്തി ജോലിയില്‍ ക്രമീകരണം വേണമെന്ന് ജില്ലാ കലക്ടര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ല എന്നാണ് ആക്ഷേപം ഉയരുന്നത്. തിരൂരിലും പരിസരങ്ങളിലും കെ എസ് ഇ ബി തൊഴിലാളി കള്‍ പോലും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെ നട്ടുച്ചക്കും ജോലി ചെയ്യുന്നത് പതിവാണ്. റോഡിലെ പണികളും ഈ നേരത്ത് ചെയ്യിപ്പിക്കുന്നുണ്ട്. പലയിടത്തും അന്യസംസ്ഥാന തൊഴിലാളികളാണ് കത്തുന്ന വെയിലില്‍ ജോലി ചെയ്യുന്നത്. ഇന്നലെ തിരുന്നാവായ ഭാഗത്ത് ഇത്തരത്തില്‍ ജോലി ചെയ്യിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം ഉണ്ടായി. തൊഴിലാളികളുടെ ആരോഗ്യം പരിഗണിക്കാതെ പണിയെടുപ്പിക്കുന്നവര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.