Connect with us

Articles

മത പാഠശാലകള്‍ക്ക് കരുത്തു പകരുക

Published

|

Last Updated

മതപാരമ്പര്യത്തിന്റെ മുഖ്യഘടകമാണ് മഹല്ല്, മദ്‌റസാ സംവിധാനം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളീയ മുസ്‌ലിം സമൂഹം ഏറെ മുമ്പോട്ടു പോയത് ഈ സംവിധാനങ്ങളുടെ പിന്‍ബലത്തിലാണ്.

കേന്ദ്രീകൃതവും ശാസ്ത്രീയവുമായ മതപഠന സമ്പ്രദായമാണ് കേരളത്തിലുള്ളത്. ഭാവിയിലെ നല്ല സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് മദ്‌റസകള്‍. മസ്ജിദുകള്‍ കേന്ദ്രീകരിച്ച് വിപുലമായ ദർസ് പഠനങ്ങളും നടക്കുന്നു.

1980കളില്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് ലോകതലങ്ങളില്‍ സമൂലമായ പരിഷ്‌കാരങ്ങള്‍ വരാന്‍ തുടങ്ങിയിരുന്നു. അത് ഇന്ത്യയിലും പ്രതിഫലിച്ചു. വിദ്യാര്‍ഥി കേന്ദ്രീകൃത പഠനരീതികള്‍ രൂപപ്പെട്ടു. അധ്യാപകര്‍ ഫെസിലിറ്റേറ്റര്‍മാരും മെന്റര്‍മാരുമായി പരിവര്‍ത്തിക്കപ്പെട്ടു. അധ്യാപക സേവന, വേതന വ്യവസ്ഥകള്‍ മാറിവന്നു. വിദ്യാഭ്യാസ രംഗത്തോട് ബന്ധപ്പെടുന്ന മുഴുവന്‍ ഘടകങ്ങളും പുനര്‍നിര്‍വചിക്കപ്പെട്ടു. പാഠശാലകള്‍ വിജ്ഞാന നിര്‍മിതി കേന്ദ്രങ്ങളായി.

മതപഠന രംഗത്തും സമൂലമായ ചില മാറ്റങ്ങള്‍ വേണമെന്ന് എം എ ഉസ്താദിനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടു. 1989ന് ശേഷം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ അത് സുന്നികള്‍ സാധിച്ചെടുത്തു. റസ്മുല്‍ ഉസ്മാനിയും സിലബസ് പരിഷ്‌കരണവും നടത്താനായി. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഈ രീതിയില്‍ ശ്രദ്ധേയമായി നിരീക്ഷിക്കപ്പെട്ടു. കേരളത്തിലെ മതപഠനരംഗം പുതിയ മാറ്റത്തിന് കാരണമാകുന്നത് ഇങ്ങനെയാണ്.

മതപഠനാന്തരീക്ഷം കാര്യക്ഷമമാക്കാന്‍ മാനേജ്‌മെന്റിനെ ശക്തിപ്പെടുത്തുക എന്ന ദൗത്യമാണ് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ആദ്യമായി ഏറ്റെടുത്തത്. അറിവുകളുടെയും സൗകര്യങ്ങളുടെയും സാധ്യതകള്‍ തുറന്നിട്ടിരിക്കുന്ന പുതിയ ലോകത്ത് ഉചിതമായ പഠനാന്തരീക്ഷവും നിലവാരവും കാത്തുസൂക്ഷിക്കാനാവശ്യമായ പരിശോധനയും പരിശീലനവും ഉള്‍പ്പെടുത്തി ഇപ്പോള്‍ എസ് എം എ നടപ്പാക്കുന്ന സമ്പൂര്‍ണ മദ്‌റസാ ഗ്രേഡിംഗ് പദ്ധതി വിദ്യാഭ്യാസ രംഗത്ത് പുതിയ ഉണര്‍വ് സൃഷ്ടിക്കും.
വികസനവും വികാസവും ലക്ഷ്യമാക്കേണ്ടത് അതുള്‍ക്കൊള്ളുന്ന ജനങ്ങളിലാണ്. ഈ തലത്തിലേക്ക് മസ്ജിദുകളും മദ്‌റസകളും മാറണം. ഈ രൂപത്തിലുള്ള ചിന്തകള്‍ ജനങ്ങളില്‍ മുളപ്പിക്കാനും അത് വളര്‍ത്തിയെടുത്ത് മാറ്റത്തിന്റെ വഴിയില്‍ ചലിപ്പിക്കാനും സാധിക്കേണ്ടതുണ്ട്.
ഒരുകാലത്ത് മസ്ജിദുകള്‍ വലിയ സാംസ്‌കാരിക കേന്ദ്രങ്ങളായിരുന്നു. പൊന്നാനിയും ചാലിയവും കൊയിലാണ്ടിയും കൊടുങ്ങല്ലൂരും കൊടിയത്തൂരുമൊക്കെ പേരുകേട്ട വിജ്ഞാനത്തിന്റെ പറുദീസയായി അന്ന് നിലകൊണ്ടു. തിരിച്ചുപിടിക്കാന്‍ നാം പിറകോട്ട് സഞ്ചരിക്കേണ്ടതുണ്ട്. മസ്ജിദുകള്‍ പാഠശാലകള്‍ ആകണം.

മഹല്ല്, മസ്ജിദ്, മദ്‌റസ സ്ഥാപനങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് നേരിട്ട് ഇടപെടാന്‍ വിപുലമായ നിയമസഹായ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു. ജില്ലകളില്‍ ലീഗല്‍ സമിതികള്‍ രൂപവത്കരിച്ചു. സ്ഥാപനങ്ങളെയും മഹല്ല്, മസ്ജിദുകളെയും ബാധിക്കുന്ന കേന്ദ്ര- കേരള സര്‍ക്കാറിന്റെയും വഖ്ഫ് ബോര്‍ഡിന്റെയും നിയമനിര്‍മാണങ്ങളിലും നടപടികളിലും ഇടപെട്ടു. അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടപ്പോള്‍ ഫലപ്രദമായി കോടതികളിലും സര്‍ക്കാറിലും ഇടപെട്ടു. സൊസൈറ്റി-വഖ്ഫ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ പുതുക്കാനും റിട്ടേണ്‍ സമര്‍പ്പിക്കാനും ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാന കമ്മിറ്റി ഓഫീസിലും സ്ഥിരം സംവിധാനമുണ്ടാക്കി.

മഹല്ല്, മസ്ജിദ്, മദ്‌റസ സ്ഥാപനങ്ങള്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ക്കായി എസ് എം എ ഇതിനകം ലക്ഷങ്ങള്‍ ചെലവഴിച്ചു. സംസ്ഥാനത്ത് അനിവാര്യമായ 25 സ്ഥലങ്ങളില്‍ നേരിട്ട് മദ്‌റസാ കെട്ടിടങ്ങള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച മദ്‌റസാ മുഅല്ലിം, മസ്ജിദ് ഇമാം, മുഅദ്ദിന്‍ ഉസ്താദുമാര്‍ക്ക് സ്ഥിരം ക്ഷേമ പെന്‍ഷന്‍ വര്‍ഷത്തില്‍ 10,000 രൂപയായി വര്‍ധിപ്പിച്ച് എസ് എം എ സംസ്ഥാന ക്ഷേമബോര്‍ഡ് വഴി നല്‍കി വരുന്നു. മസ്‌ലഹത്ത് സമിതി, മാതൃകാ മഹല്ല്, മദ്‌റസാ ഗ്രേഡിംഗ്, സ്മാര്‍ട്ട് ട്രെയിനിംഗ്, ഹാപ്പിഫാമിലി പ്രോഗ്രാം, ജാഗ്രതാ സ്‌ക്വാഡ്, സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് തുടങ്ങി പദ്ധതികളും നടപ്പാക്കി.
പദ്ധതികളുടെ നടത്തിപ്പിനും വിജയത്തിനും വലിയ സാമ്പത്തികബാധ്യതയാണ് നേരിടുന്നത്. വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചാണ് എസ് എം എ സെന്‍ട്രല്‍ കമ്മിറ്റി ഇന്ന് “മദ്‌റസാദിനം” ആചരിക്കുന്നത്. മദ്‌റസാദിന ഫണ്ടാണ് എസ് എം എയുടെ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനഫണ്ട്. മദ്‌റസാ ദിനം വിജയിപ്പിക്കാന്‍ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.

ഇ യഅ്ഖൂബ് ഫൈസി