എച്ച് ആർ ഡി ക്ലാരിഫിക്കേഷൻ സ്വാഗതം ചെയ്യുന്നു; പ്രക്ഷോഭസമരം തുടരും: എസ് എസ് എഫ് 

Posted on: March 27, 2019 2:19 pm | Last updated: March 27, 2019 at 2:19 pm

ഗവേഷണ വിദ്യാർത്ഥികൾക്കിടയിൽ
സ്വതന്ത്രമായ വൈജ്ഞാനിക വിനിമയങ്ങൾക്ക് കൂച്ചുവിലങ്ങിട്ടു കൊണ്ട് കേരള കേന്ദ്ര സർവ്വകലാശാല പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭ സമരം തുടരുമെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പറഞ്ഞു.

ഗവേഷണ വിഷയം തെരെഞ്ഞെടുക്കുന്നത് ദേശീയ താത്പര്യം മുൻനിർത്തിയായിരിക്കണമെന്നതുൾപ്പടെ വിവാദമായ പരാമർശങ്ങൾ തിരുത്താൻ കേന്ദ്ര സര്‍വകലാശാല അധികാരികൾ ഇതുവരെയും തയ്യാറായിട്ടില്ല. ഉത്തരവിനെതിരെ എസ് എസ് എഫ് ദേശവ്യാപകമായ പ്രക്ഷോഭം പ്രഖ്യാപിക്കുകയും കാസർകോഡ് കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.

സമര പ്രക്ഷോഭങ്ങളുടെ ഭാഗമായി സർവ്വകലാശാല രജിസ്ട്രാർക്ക് നൽകിയ നിവേദനത്തിൽ സർക്കുലറിന് പിന്നിലെ നിഗൂഢ താത്പര്യങ്ങൾ ചൂണ്ടിക്കാണിക്കുകയും വൈജ്ഞാനിക സ്വാതന്ത്ര്യത്ത ഹനിക്കുന്ന ഉത്തരവ് പിൻവലിക്കും വരെ പ്രക്ഷോഭ പരിപാടികൾക്ക് എസ് എസ് എഫ് മുന്നിൽ നിൽക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഡൽഹിയിൽ നടന്ന വൈസ് ചാൻസലർമാരുടെ യോഗ തീരുമാനപ്രകാരമാണ് സർക്കുലർ പുറത്തിറക്കിയതെന്നു പറഞ്ഞു കൈയൊഴിയാനായിരുന്നു അധികൃതരുടെ ശ്രമം.

ഇക്കഴിഞ്ഞ ദിവസം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണ കുറിപ്പ് പുറത്തിറക്കിയതോടെ സി യു കെ അധികാരികളുടെ വാദം പൊളിയുകയാണ്. കേന്ദ്ര കേരള സർവ്വകലാശാലയുടെ വിദ്യാർഥി വിരുദ്ധ മുഖം ഇതോടെ കൂടുതൽ വ്യക്തമാവുകയാണ്. സർവ്വകലാശാല അഡ്മിനിസ്ട്രേഷൻ കാവിവത്കരിക്കപ്പെട്ടതു മുതൽ ആരംഭിച്ച ഈ മനോഭാവം തിരുത്തുന്നതിന് വിദ്യാർഥി പ്രക്ഷോഭം ഇനിയും ശക്തിപ്പെടുത്തണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.