ട്രാഫിക് സംവിധാനം നാട്ടുകാർ കൈകാര്യം ചെയ്യാൻ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

Posted on: March 27, 2019 10:42 am | Last updated: March 27, 2019 at 1:56 pm

കൊച്ചി: ട്രാഫിക് സംവിധാനം നാട്ടുകാർ കൈകാര്യം ചെയ്യാൻ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം സംഭവങ്ങൾ ഒഴിവാക്കണമെന്നും തിരക്കുള്ള സ്ഥലത്ത് ട്രാഫിക് നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും ആലുവക്കുമിടയിൽ എൻ എച്ച് ദേശം ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് ലൈറ്റ് പ്രവർത്തനരഹിതമാണെന്ന് കാണിച്ച് നൽകിയ പരാതിയിലാണ് ഉത്തരവ്. അതേസമയം, എൻ എച്ച് ദേശം ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് ലൈറ്റ് നാട്ടുകാർ കൈകാര്യം ചെയ്യാറുണ്ടെന്ന് പോലീസ് കമ്മീഷനെ അറിയിച്ചു.

കമ്മീഷൻ നെടുമ്പാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസറോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. ദേശീയ പാതയിൽ 40 സെക്കന്റും ദേശംകാലടി റോഡിലേക്കുള്ള ലൈറ്റ് 20 സെക്കൻഡ് വീതമാണ് സെറ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. സിഗ്‌നൽ ലൈറ്റുകൾ പ്രവർത്തിച്ചാൽ ദേശം ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ പരിസരത്തെ ഡ്രൈവർമാർ സിഗ്‌നൽ ലൈറ്റ് ഓഫാക്കാറുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

കുരുക്ക് ഒഴിവാക്കാൻ ദേശീയ പാതയിൽ 40 സെക്കൻഡിന് പകരം രണ്ട് മിനുട്ട് സമയം നൽകിയിട്ടുണ്ട്. സിഗ്‌നൽ പ്രവർത്തിപ്പിക്കുന്ന ടൈമറിലെ ബാറ്ററിയുടെ കാലാവധി വർധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം വിഛേദിക്കപ്പേടുമ്പോൾ ഓഫാകുന്ന ട്രാഫിക് സിഗ്‌നൽ വൈദ്യുതി തിരികെയെത്തുമ്പോൾ സ്വയം പ്രവർത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

പൊതുജനം സിഗ്‌നലിന്റെ ടൈമർ ഓഫാക്കാതിരിക്കാൻ കൺട്രോൾ പാനൽ ക്യാബിൻ പുതിയ താഴിട്ട് ഭദ്രമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശം സീനിയർ സിറ്റിസൺസ് ഫോറം സെക്രട്ടറി എൻ രാമചന്ദ്രൻ നായർ നൽകിയ പരാതിയിലാണ് നടപടി.