കടുത്ത ചൂടിന് രണ്ട് ദിവസത്തിനകം ശമനം; വേനല്‍മഴക്കും സാധ്യത

Posted on: March 26, 2019 8:00 pm | Last updated: March 27, 2019 at 9:46 am

കോഴിക്കോട്: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂട് രണ്ട് ദിവസത്തിനകം കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. 29ന് ശേഷം വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ വെബ്‌സൈറ്റായ കേരളാവെതര്‍.ഇന്‍ വ്യക്തമാക്കുന്നു. കിഴക്കന്‍ കാറ്റും പടിഞ്ഞാറന്‍ കാറ്റും സജീവമാകുന്നതോടെ കേരളത്തില്‍ ചൂട് രണ്ടു ദിവസത്തിനകം കുറയാനും ഒറ്റപ്പെട്ട മഴപെയ്യാനുമുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

വിവിധ കാലാവസ്ഥാ സാഹചര്യം ഒന്നിച്ചു വന്നതാണ് കേരളത്തില്‍ അനുഭവപ്പെടുന്ന അസാധാരണ ചൂടിന് കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലിലും ലക്ഷദ്വീപിന് സമീപം അറബിക്കടലില്‍ രൂപപ്പെട്ട അതിമര്‍ദം മേഖലകള്‍ ആണ് കേരളത്തിലെ ചൂടിനെ രൂക്ഷമാക്കിയത്. ബംഗാള്‍ ഉള്‍ക്കടലിലെ അതിമര്‍ദം മൂലം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള തണുത്ത കാറ്റിനെ തമിഴ്നാട് തീരത്തേക്ക് പ്രവേശിപ്പിക്കാന്‍ തടസമായി നിന്നു. ഈ സാഹചര്യം കരയിലെ കാറ്റിന് കാരണമായി. ചൂടുകൂടുമ്പോഴുണ്ടാകുന്ന കരയിലെ കാറ്റ് ചൂട് മറ്റുമേഖലകളിലേക്ക് വ്യാപിക്കാന്‍ ഇടയാക്കി. സൂര്യന്‍ ഭൂമധ്യരേഖക്ക് നിലകൊള്ളുന്നതിനാല്‍ സൂര്യപ്രകാശം നേരിട്ട് ഭൂമിയിലേക്ക് പതിക്കുന്ന സാഹചര്യവും ഉണ്ടായി. ഭൂമധ്യരേഖയില്‍ നിന്ന് 8 മുതല്‍ 12 ഡിഗ്രിക്ക് ഇടയിലാണ് കേരളത്തിന്റെ സ്ഥാനം. അതായത് കേരളത്തിനു നേരെ മുകളിലാണ് ഉച്ചസമയത്ത് സൂര്യന്‍ ഇപ്പോള്‍ വരുന്നത്. ഹൈ പ്രഷര്‍ കാരണം കേരളത്തിനു മുകളില്‍ മേഘങ്ങള്‍ ഇല്ലാതായ സാഹചര്യം സൂര്യപ്രകാശം നേരിട്ട് ഭൂമിയിലെത്താന്‍ കാരണമായെന്നും കേരളവെതര്‍.ഇന്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ അടുത്ത ഏതാനും ദിവസം കൂടി സൂര്യാതപ സാധ്യത നിലനില്‍ക്കുന്നു. എന്നാല്‍ ഉഷ്ണതരംഗത്തിന് സാധ്യതയില്ല. ഉഷ്ണതരംഗം മുന്നറിയിപ്പ് നല്‍കാന്‍ ചില മാനദണ്ഡങ്ങള്‍ ആവശ്യമാണ്. ഇതിനുള്ള സാഹചര്യം രാജ്യത്ത് ഒരിടത്തും അടുത്ത അഞ്ചു ദിവസത്തേക്ക് ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. എന്നാല്‍ സൂര്യാതപ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണം.