‘ഇത് ചതിയായിപ്പോയി’, അശ്വിന്റെ മങ്കാദിംഗിനെതിരെ താരങ്ങള്‍

Posted on: March 26, 2019 1:48 pm | Last updated: March 26, 2019 at 1:48 pm

ജയ്പൂര്‍: കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് ഓപണര്‍ ജോസ് ബട്ലറെ പുറത്താക്കിയതിനെതിരെ ആരാധകരും താരങ്ങളും രംഗത്ത്. ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ക്രിക്കറ്റിലെ ചതി പ്രയോഗം എന്നറിയപ്പെടുന്ന മങ്കാദിംഗിലൂടെയാണ് അശ്വിന്‍ ബട്ലറെ പുറത്താക്കിയത്. ഇന്നിങ്സിലെ 13-ാം ഓവറിലാണ് കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനായ അശ്വിന്‍ രാജസ്ഥാന്റെ ബട്ലറുടെ വിക്കറ്റെടുത്തത്.

 

അഞ്ചാം പന്ത് എറിയാന്‍ അശ്വിന്‍ ഒരുങ്ങുമ്പോള്‍ 12.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. 44 പന്തും ഒന്‍പതു വിക്കറ്റും ബാക്കിനില്‍ക്കെ വിജയിക്കാന്‍ വേണ്ടിയിരുന്നത് 77 റണ്‍സ് മാത്രമായിരുന്നു. അഞ്ചാം പന്ത് എറിയാന്‍ ഓടിയെത്തിയ അശ്വിന്‍ റണ്ണപ്പിനുശേഷം ആക്ഷനു തുടക്കമിട്ടെങ്കിലും ഇടയ്ക്കുവച്ച് നിര്‍ത്തി. ഈ സമയം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന ബട്‌ലര്‍ ക്രീസിനു പുറത്തേക്കു നടന്നു നീങ്ങുകയായിരുന്നു. ബൗളിങ് പാതിവഴിക്ക് നിര്‍ത്തിയ അശ്വിന്‍ ക്രീസിനു പുറത്തായിരുന്ന ബട്‌ലറെ റണ്‍ഔട്ടാക്കുകയായിരുന്നു. അശ്വിനുമായി ബട്‌ലര്‍ ഏറെ നേരം തര്‍ക്കിച്ചു. വീഡിയോ റീപ്ലേയില്‍ ബട്ലര്‍ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ദേഷ്യം പ്രകടിപ്പിച്ചാണ് ബട്ലര്‍ പവലിയനിലേക്ക് മടങ്ങിയത്.

വീഡിയോ കാണാം:

43 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്സും ഉള്‍പ്പടെ 69 റണ്‍സെടുത്തിരുന്ന ബട്‌ലറുടെ പുറത്താവലില്‍ ആരധകരും നിരാശയിലാണ്.

അശ്വിന് ഇതാദ്യമായല്ല ഇത്തരത്തില്‍ ഒരാളെ പുറത്താക്കുന്നത്. ശീലങ്കന്‍ താരം ലാഹിരു തിരിമാനയേയും ഇതേ രീതിയില്‍ പുറത്താക്കാന്‍ അശ്വിന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ക്യാപ്റ്റനായിരുന്ന വീരേന്ദര്‍ സെവാഗ് അപ്പീല്‍ വേണ്ടെന്നുവക്കുകയാണ് ചെയ്തത്.

അശ്വിന്‍ ചെയ്തത് ചതിപ്രയോഗമാണെന്ന വാദവുമായാണ് പലരുമെത്തുന്നത്. ഇതെന്നും സ്പോര്‍ട്സ്മാന്‍ സ്പിര്റ്റിന് നിരക്കാത്തതാണെന്നാണ് ആരാധകരുടെ അഭിപ്രായം.

സോഷ്യല്‍ മീഡിയകളില്‍ അശ്വിനെതിരേ പോസ്റ്റുകളും കമന്റുകളുമാണ് നിറയുന്നത്. ക്രിക്കറ്റ് താരങ്ങളും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ, മുന്‍ താരം മുഹമ്മദ് കൈഫ്, ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍, ഓസിസ് മുന്‍ താരം ഷെയ്ന്‍ വോണ്‍ എന്നിവര്‍ അശ്വിനെതിെര ട്വീറ്റ് ചെയ്തു.

അങ്ങനെ ചെയ്യുന്നതിന് മുമ്പ് അശ്വിന്‍ ആദ്യം ബട്ലറെ താക്കീത് ചെയ്യണമെന്നായിരുന്നു കൈഫിന്റെ ട്വീറ്റ് ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്തത് എന്നായിരുന്നു സ്റ്റെയ്ന്റെ പ്രതികരണം. ക്യാപ്റ്റന്‍ എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും അശ്വിന്‍ പരാജയമാണ് എന്നായിരുന്നു വോണിന്റെ ട്വീറ്റ്. ‘സത്യസന്ധത’ എന്നൊരു വാക്ക് ഉണ്ട് എന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്നു ഓജയുടെ ട്വീറ്റ്.