‘നോട്ട’യുണ്ട്, സൂക്ഷിക്കുക

മലപ്പുറം
Posted on: March 26, 2019 10:57 am | Last updated: March 26, 2019 at 10:57 am

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനസ്വാധീനമില്ലാത്ത സ്ഥാനാർഥികൾ രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്. 2014 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ നോട്ട സംവിധാനം പാർട്ടികൾക്ക് വലിയ പാരയാകും. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിയിലും താൻ തൃപ്തനല്ലെന്ന് രേഖപ്പെടുത്താൻ നോട്ട വോട്ടർമാർക്ക് അവസരം നൽകുന്നു. ഇതിനാൽ തന്നെ പ്രചാരണത്തിൽ പുതിയ പദ്ധതികളും നേട്ടങ്ങളും ഉയർത്തി വോട്ടർമാരുടെ മനസ് കീഴടക്കിയില്ലെങ്കിൽ സ്ഥാനാർഥികൾക്ക് പണി കിട്ടും.
സ്ഥാനാർഥികളെ ഇഷ്ടമായില്ലെങ്കിൽ വോട്ടിംഗ് മെഷീനിൽ ‘ഇവരിൽ ആരും അല്ല’ എന്ന നോട്ട ബട്ടണിലായിരിക്കും ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക. സ്ഥാനാർഥികളുടെ പേരുകൾക്ക് ശേഷം അവസാനത്തെ ബട്ടണായിട്ടാണ് നോട്ട ബട്ടൺ ചേർത്തിരിക്കുന്നത്.

ഇത് സാധുവായ വോട്ടായി കണക്കാക്കില്ല. നോട്ടയിൽ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് ആകെ സാധുവായ വോട്ടിന്റെ കണക്കെടുക്കുക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 2,10,563 വോട്ടർമാർ നോട്ടക്കാണ് കുത്തിയത്. നോട്ടക്ക് പിന്നിലായി ഭൂരിപക്ഷം ലഭിച്ച അവസ്ഥ കഴിഞ്ഞ പ്രാവശ്യം ഉണ്ടായിട്ടുണ്ട്. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭൂരിപക്ഷം 3306 വോട്ടായിരുന്നു. എന്നാൽ നോട്ട അവിടെ നേടിയത് 6107. കണ്ണൂരിൽ പി കെ ശ്രീമതി നേടിയത് 6566 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. എന്നാൽ 7026 വോട്ട് നോട്ടക്ക് കിട്ടി. ആലത്തൂർ, കാസർകോട്, ഇടുക്കി , ആലപ്പുഴ, മാവേലിക്കര എന്നീ അഞ്ച് മണ്ഡലങ്ങളിൽ നോട്ട നാലാം സ്ഥാനത്തെത്തി.

പല സ്ഥാനാർഥികളുടെയും ജയ പരാജയങ്ങളെ നോട്ട സ്വാധീനിച്ചിരുന്നു. എട്ട് ജില്ലകളിൽ നോട്ട പതിനായിരം കടന്നിരുന്നു. വയനാട് 10,735 പാലക്കാട് 11,291, തൃശൂർ 10,050, ചാലക്കുടി 10,552, ഇടുക്കി 12,338, കോട്ടയം 14,024, ആലപ്പുഴ 11,338, പത്തനംതിട്ട 16,538 എന്നിങ്ങനെയാണ് ഈ ജില്ലകളിൽ നോട്ടക്ക് വിധിയെഴുതിയത്. മലപ്പുറത്തായിരുന്നു ഏറ്റവും കൂടുതൽ നോട്ടയുണ്ടായിരുന്നത്. 21,829 വോട്ട്. എന്നാൽ ഇ അഹമ്മദിന്റെ മരണ ശേഷം 2017 ലെ ഉപതിരഞ്ഞെടുപ്പിൽ നോട്ട രേഖപ്പെടുത്തിയത് 40,98 ആണ്.

ആലത്തൂരിൽ എൽ ഡി എഫ് സ്ഥാനാർഥി പി കെ ബിജവും കോൺഗ്രസ് സ്ഥാനാർഥി ഷീബയും തമ്മിൽ നടന്ന മത്സരത്തിൽ 21417 പേരാണ് നോട്ടക്ക് വിധിയെഴുതിയത്.
ഇന്നസെന്റ് കോൺഗ്രസിലെ ശക്തനായ നേതാവായ പി സി ചാക്കോയെ പരാജയപ്പെടുത്തിയത് 13,884 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. എന്നാൽ നോട്ടക്ക് ഇവിടെ 10,552 പേരാണ് വിധിയെഴുതിയത്. തിരുവനന്തപുരത്തായിരുന്നു ഏറ്റവും കുറവ്. 3,346 വോട്ടായിരുന്നു നോട്ടക്ക് തലസ്ഥാനത്ത് ലഭിച്ചത്.

കമറുദ്ദീൻ എളങ്കൂർ
മലപ്പുറം