നരേഷ് ഗോയല്‍ രാജിവെച്ചു; ജെറ്റ് എയര്‍വേസിന് 1500 കോടിയുടെ സഹായം ലഭിക്കും

Posted on: March 25, 2019 8:15 pm | Last updated: March 26, 2019 at 10:35 am

ന്യൂഡല്‍ഹി: കടക്കെണിയിലായ ജെറ്റ് എയര്‍വേസിന്റെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും ചേര്‍ന്നാണ് ജെറ്റ് എയര്‍വേസിന് തുടക്കമിട്ടത്. ഇതോടെ കമ്പനിക്ക് 1500 കോടി രൂപയുടെ ധനസഹായം ലഭിക്കുന്നതിന് വഴിയൊരുങ്ങി. ഇരുവരും രാജിവെക്കുകയാണെങ്കില്‍ ജെറ്റ് എയര്‍വേസിന് വായ്പയനുവദിക്കാന്‍ തയ്യാറാണെന്ന് എസ്ബിഐയുടെ നേതൃത്വത്തില്‍ ബാങ്കുകള്‍ വ്യക്തമാക്കിയിരുന്നു. ജെറ്റ് എയര്‍വേസിന്റെ കടബാധ്യതകള്‍ ഓഹരിയായി മാറ്റുവാനാണ് ബാങ്കുകള്‍ ലക്ഷ്യമിടുന്നത്.

1993ലാണ് ജെറ്റ് എയര്‍വേസ് സ്ഥാപിതമായത്. നിലവില്‍ നൂറ് കോടി ഡോളറിന്റെ കടം കമ്പനിക്കുുണ്ട്. കടക്കെണിയെ തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളം വരെ മുടങ്ങിയിരുന്നു. ദൈനംദിന സര്‍വീസുകള്‍ക്കായി ഇന്ധനം നിറയ്ക്കാന്‍ പോലും സാധിക്കാതെ വന്നതോടെ നിരവധി ഷെഡ്യൂളുകള്‍ മുടങ്ങുകയും ചെയ്തു.

119 വിമാനങ്ങളാണ് ജെറ്റ് എയര്‍വേസിനുള്ളത്. ഇതില്‍ 54 വിമാനങ്ങളുടെയും സര്‍വീസ് മുടങ്ങിയിരിക്കുകയാണ്.