മക്കളില്ലാതെ എന്ത് മുന്നേറ്റം

Posted on: March 25, 2019 6:19 pm | Last updated: March 25, 2019 at 6:19 pm

ചെന്നൈ: തമിഴ്‌നാട്ടിൽ ഡി എം കെയുടെ മക്കൾ രാഷ്ട്രീയത്തെ എന്നും എതിർത്തുപോന്ന ചരിത്രമാണ് മുഖ്യ എതിരാളി എ ഐ എ ഡി എം കെക്കുള്ളത്. എന്നാൽ, അതേ മക്കൾ രാഷ്ട്രീയം എ ഐ എ ഡി എം കെയിലേക്കും പടരുകയാണ്. ഇത്തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡി എം കെയുടെ കാര്യത്തിൽ കാര്യമായ മാറ്റമൊന്നുമില്ല. 20 സ്ഥാനാർഥികളിൽ ആറ് പേരും പ്രമുഖ നേതാക്കളുടെ മക്കളാണ്.

എ ഐ എ ഡി എം കെയിൽ വരുമ്പോൾ ഇത് നാല് പേരാകുന്നു എന്നത് മാത്രമാണ് വ്യത്യാസം. ഐ ഐ എ ഡി എം കെ കോ-ഓർഡിനേറ്ററും ഉപ മുഖ്യമന്ത്രിയുമായ ഒ പനീർശെൽവത്തിന്റെ മകൻ രവീന്ദ്ര കുമാർ (തേനി), മന്ത്രി ഡി ജയകുമാറിന്റെ മകൻ ജയവർധൻ (ചെന്നൈ സൗത്ത്), മുൻ സ്പീക്കർ പി എച്ച് പാണ്ഡ്യന്റെ മകൻ മനോജ് പാണ്ഡ്യൻ (തീരുനൽവേലി), മധുര നോർത്ത് എം എൽ എയും മുൻ മേയറുമായ രാജ ചെല്ലപ്പന്റെ മകൻ വി വി ആർ രാജ സത്യൻ (മധുര) എന്നിവരാണ് എ ഐ എ ഡി എം കെ പട്ടികയിലെ മക്കൾ സ്ഥാനാർഥികൾ. ഇതിൽ ജയവർധൻ സിറ്റിംഗ് എം പിയാണ്. അന്തരിച്ച ഡി എം കെ നേതാവ് കരുണാനിധിയുടെ മക്കളായ എം കെ സ്റ്റാലിൻ, എം കെ അഴഗിരി, കനിമൊഴി എന്നിവർ സജീവ രാഷ്ട്രീയത്തിലുണ്ട്.

മുൻ ഉപമുഖ്യമന്ത്രിയായ സ്റ്റാലിനാണ് പാർട്ടി ചെയർമാൻ. 2014ൽ അഴഗിരിക്ക് പകരക്കാരനായാണ് സ്റ്റാലിൻ പാർട്ടി നേതൃസ്ഥാനം ഏറ്റെടുത്തത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു പി എ സർക്കാറിൽ അഴഗിരി മന്ത്രിയായിരുന്നു. 2007 മുതൽ കനിമൊഴി രാജ്യസഭാംഗമാണ്. മറ്റൊരു മുതിർന്ന ഡി എം കെ നേതാവായ ടി ആർ ബാലുവിന്റെ മകൻ ടി ആർ ബി രാജ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രീപെരുമ്പത്തൂരിലെ സ്ഥാനാർഥിയാണ്. മറ്റൊരു നേതാവ് സെന്തിൽകുമാറിന്റെ മകനായ പെരിയസാമി നിയമസഭാംഗമാണ്.

കരുണാനിധിയുടെ മകൾ കനിമൊഴി (തൂത്തുക്കുടി), അനന്തരവൻ ദയാനിധി മാരൻ (ചെന്നൈ സെൻട്രൽ) എന്നിവർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. കൂടാതെ, ജനവിധി നേരിടുന്ന ഡോ. കലാനിധി വീരസ്വാമി, ഗൗതം ശിഖാമണി, തമിലാച്ചി തങ്കപാണ്ഡ്യൻ, ഡിഎം കതിർ എന്നിവരും പ്രമുഖ ഡി എം കെ നേതാക്കളുടെ മക്കളാണ്. കഴിവും പരിചയസമ്പത്തുമുള്ള സ്ഥാനാർഥികളാ4ണ് മത്സരിക്കുന്നതെന്നും പ്രമുഖ നേതാക്കളുടെ മക്കളായെന്നത് കൊണ്ട് ഇവരെ മാറ്റിനിർത്തുന്നത് ശരിയല്ലെന്നുമാണ് മക്കൾ രാഷ്ട്രീയത്തെക്കുറിച്ച് ചോദിക്കുമ്പോൾ നേതാക്കളുടെ പ്രതികരണം. തമിഴ്‌നാട്ടിൽ ആകെ 39 സീറ്റുകളിൽ ഇരുപത് സീറ്റുകളിലാണ് ഡി എം കെയും എ ഐ എ ഡി എം കെയും മത്സരിക്കുന്നത്.