Connect with us

Kozhikode

രാഹുൽ വരുമോ..?

Published

|

Last Updated

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയാകുമോ? കേരളമൊന്നാകെ ഈ ചോദ്യമാവർത്തിക്കുമ്പോൾ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ജിജ്ഞാസയിലും ആശങ്കയിലുമാണ്. കോൺഗ്രസിലെ നല്ലൊരു വിഭാഗം രാഹുൽ വരുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാഹുൽ ഗാന്ധിയെ വരവേൽക്കാനുളള ഒരുക്കങ്ങൾ തകൃതിയായി നടത്തുമ്പോഴും രാഹുൽ വരില്ലെന്ന തരത്തിൽ പി സി ചാക്കോയടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ അണികളെ ആശങ്കയിലാക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ എ ഐ സി സി ജനറൽ സെക്രട്ടറി കൂടിയായ ഉമ്മൻ ചാണ്ടി പൊട്ടിച്ച ബോംബ് രണ്ട് ദിവസത്തോളമായി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. കോൺഗ്രസിനെ മാത്രമല്ല, എൽ ഡി എഫിനേയും ബി ജെ പിയേയുമടക്കം കുഴക്കിയ രാഷ്ട്രീയ ചർച്ചകൾക്കാണ് രാഹുലിന്റെ “വരവ്” കാരണമാക്കിയിരിക്കുന്നത്.

രാഹുൽ വയനാട്ടിലേക്ക് വരുന്നുവെന്ന ഉമ്മൻ ചാണ്ടിയുടെ സൂചന വന്നയുടൻ തന്നെ വയനാട്ടിലേക്ക് പ്രഖ്യാപിക്കപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി അഡ്വ. ടി സിദ്ദീഖ് പിന്മാറുന്നതായി വാർത്താസമ്മേളനം വിളിച്ചറിയിച്ചതോടെയാണ് രാഷ്ട്രീയ കേരളം രാഹുൽ ചർച്ചയിൽ മുഴുകിയത്. മണിക്കൂറുകൾക്കുള്ളിൽ ഇത് സംബന്ധിച്ച സ്ഥിരീകരണം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിൽ നിന്നുമുണ്ടായി. രാഹുൽ ഗാന്ധിയോട് കേരളത്തിൽ നിന്ന് മത്സരിക്കാൻ അഭ്യർഥിച്ചിരുന്നുവെന്നായിരുന്നു ഇരുവരുടേയും പ്രതികരണം.

പിന്നെ ചർച്ച കൊഴുത്തു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള തൊട്ടടുത്ത മണിക്കൂറിൽ തന്നെ കോഴിക്കോട്ട് വാർത്താ സമ്മേളനം വിളിച്ച് രാഹുലിന്റെ വരവിനെ വിമർശിച്ചു. ഉത്തരേന്ത്യയിൽ ഉറച്ച മണ്ഡലം ലഭിക്കാത്തത് കാരണമാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നതെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം. എന്നാൽ, കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന് തടയിടാനാണ് രാഹുൽ വയനാട്ടിലേക്കെത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

ചർച്ചകളുടെ ഒരു രാവിനും പകലിനും ശേഷം രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഇന്നലെ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ വിവരങ്ങൾ നൽകാമെന്നായിരുന്നു കോൺഗ്രസ് വ്യക്തമാക്കിയത്. എല്ലാവരും കാതോർത്തതും ഈ നിമിഷത്തിന്. പക്ഷേ, വടകരയിലുണ്ടായിരുന്ന മുല്ലപ്പള്ളി കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് പരിപാടികളടക്കം റദ്ദാക്കി തിരുവനന്തപുരത്തേക്ക് പോയി.

ഇതോടെ ആശങ്ക വർധിച്ചു. ഇതിനിടക്കാണ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പി സി ചാക്കോ രാഹുൽ വരില്ലെന്ന തരത്തിലുള്ള പ്രസ്താവന പുറപ്പെടുവിച്ചത്.
കൂടാതെ, വയനാട്ടിൽ സി പി ഐ സ്ഥാനാർഥിയെയാണ് രാഹുലിന് എതിരേണ്ടി വരികയെന്നതിനെച്ചൊല്ലി വിവാദമുരുത്തിരിഞ്ഞു. മതേതര കക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്ന രാഹുൽ ഗാന്ധി സി പി ഐ സ്ഥാനാർഥിയോട് ഏറ്റുമുട്ടുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടത് ക്യാമ്പുകളിൽ നിന്ന് പ്രസ്താവനയുയർന്നു. ഇത്തരത്തിലുള്ള ചർച്ചകൾ രാഹുലിന്റെ തീരുമാനം വൈകുന്നതിന് കാരണമാകുന്നുവെന്ന് വിലയിരുത്തുന്നവരുമുണ്ട്.

ഏതായാലും എ ഐ സി സി ഇന്നലെ പുറത്തുവിട്ട സ്ഥാനാർഥി ലിസ്റ്റിലും വയനാട് ഉൾപ്പെട്ടിട്ടില്ലായെന്നത് മാത്രമാണ് രാഹുലിന്റെ വരവിന് പ്ലസ് പോയിന്റായി എണ്ണാവുന്ന വലിയൊരു ഘടകം.

ഏതായാലും വി വി ഐ പി യായി മാറാനുള്ള ഒരുക്കങ്ങളെല്ലാം വയനാട്ടിലാരംഭിച്ചുകഴിഞ്ഞു. എ ഗ്രൂപ്പുകാരനായ സിദ്ദീഖ് സ്ഥാനാർഥിയായതോടെ പോരടിച്ച് കഴിഞ്ഞ കോൺഗ്രസ് നേതാക്കൾ ഇന്നലെ ഒത്തുകൂടി പുതിയ സാഹചര്യങ്ങൾ ചർച്ച ചെയ്തു.