Connect with us

Gulf

വനിതാ പോലീസ് സമ്മേളനം ഇന്ന് സമാപിക്കും

Published

|

Last Updated

അബൂദബി: നാലാമത് വനിതാ പോലീസ് മേഖലാ സമ്മേളനം അബൂദബിയില്‍ ഇന്ന് സമാപിക്കും. സുരക്ഷാ കാര്യത്തില്‍ തുല്യത ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. അബൂദബി പോലീസ് തലവന്‍ മേജര്‍ ജനറല്‍ ഫാരിസ് ഖലഫ് അല്‍ മസ്‌റൂഇയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മേഖലയിലെ മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പ്രധാനമായും പങ്കെടുക്കുന്നത്.

വനിതാ പോലീസ് മേഖലയിലെ പുതിയ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ യു എ ഇ ക്ക് പുറമെ മേഖലയിലെ മറ്റു രാജ്യങ്ങളില്‍ നിന്നും ഉന്നത വനിതാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്. ഉയര്‍ന്ന പ്രൊഫഷണലിസം പ്രകടിപ്പിക്കുന്നതും അവരുടെ യോഗ്യത തെളിയിക്കുന്നതുമായ എല്ലാ കടമകളും സ്ത്രീകള്‍ ചെയ്യുന്നതായി വുമന്‍സ് പോലീസ് അഫയേഴ്‌സ് ബ്യൂറോ ഡയറക്ടര്‍ അംന മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കി.

മറ്റു മേഖലകളെ പോലെ പോലീസിലും സ്ത്രീ ശാക്തീകരണം നടന്നുകഴിഞ്ഞു. സ്ത്രീകള്‍ക്ക് അവരുടെ ചുമതലകള്‍ നിര്‍വിഹിക്കുന്നതിന് സുരക്ഷാ കാര്യങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ഉയര്‍ന്ന റാങ്കുകളും നേതൃത്വ സ്ഥാനങ്ങളും ലഭിച്ചു കഴിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ സാമൂഹികവും കുടുംബ ജീവിതവും ഉള്‍പ്പെടെ എല്ലാ മേഖലകളിലും സര്‍ക്കാര്‍ പിന്തുണക്കുന്നു. ഉന്നത പഠനം തുടരുന്നതിനായി സര്‍ക്കാര്‍ വനിതകളെ രാജ്യത്തിന് പുറത്തേക്ക് അയക്കുന്നുണ്ട്.

ഇന്ന് നടക്കുന്ന രണ്ടാം സെഷനില്‍ ബ്രിഗേഡിയര്‍ ഡോക്ടര്‍ ഖാലിദ് അല്‍ ഹമ്മാദി, മേജര്‍ ഡോക്ടര്‍ നാസ്സര്‍ അല്‍ സാദി, ജാനെ ടൗണ്‍സ്ലെയ്, പ്രൊഫ. സാഹിര്‍ ഇറാനി, പ്രൊഫ. ജോഹന്ന മാര്‍ഷല്‍ പ്രസംഗിക്കും.

Latest