Connect with us

Kannur

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം: കോണ്‍ഗ്രസ് നല്‍കുന്നത് എതിരാളി ബി ജെ പിയല്ലെന്ന സന്ദേശം- മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍: ആരോടു മത്സരിക്കാനാണ് രാഹുല്‍ഗാന്ധി കേരളത്തിലേക്ക് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി ജെ പിയെ പരാജയപ്പെടുത്താന്‍ മതനിരപേക്ഷ പാര്‍ടികള്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഈ സമയത്ത് കേരളത്തില്‍ മത്സരത്തിനെത്തുന്നതിലൂടെ രാഹുലും കോണ്‍ഗ്രസും ദേശീയ രാഷ്ട്രീയത്തിന് നല്‍കുന്നത് എതിരാളി ബി ജെ പിയില്ലെന്ന സന്ദേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു പിയിലെ പ്രധാനരാഷ്ട്രീയ ശക്തികളായ എസ് പിയിും ബി എസ് പിയും അമേഠിയടക്കം രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിനായി മാറ്റിവച്ചു. അതവരുടെ മഹത്വം. പ്രധാന എതിരാളികള്‍ അവിടെ ബി ജെ പി— സംഘപരിവാര്‍ ശക്തികളാണ്. അതെല്ലാം വിട്ട് കേരളത്തില്‍ മത്സരത്തിനെത്തുമ്പോള്‍ ആര്‍ക്കെതിരെയാണ് മത്സരം എന്നതാണ് പ്രശ്‌നം. കേരളത്തില്‍ എല്‍ ഡി എഫാണ് ബിജെപിയോട് മത്സരിക്കുന്നത്. എന്നാല്‍ രാഹുല്‍ എത്തുന്നതിലൂടെ കേരളത്തില്‍നിന്ന് എന്തു സന്ദേശമാണ് രാഹുലും കോണ്‍ഗ്രസും ദേശീയ രാഷ്ട്രീയത്തിന് നല്‍കുന്നത്.

ബി ജെ പിക്കെതിരായ മതനിരപേക്ഷ കൂട്ടുകെട്ടിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ രാഹുലിനെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമോ എന്ന ചോദ്യത്തിന് കേരളത്തിലെ 20 മണ്ഡലങ്ങളിലും ഞങ്ങള്‍ ജയിക്കാനാണ് മത്സരിക്കുന്നതെന്നും എന്തിനു മത്സരിച്ചെന്ന് ഫലം വരുമ്പോള്‍ വ്യക്തമാകുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. കേരളത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് രാഹുല്‍ വരുന്നത്‌കൊണ്ട് ഒരു മാറ്റവും സംഭവക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest