Connect with us

Kozhikode

മുസ്ലിംകളെ ചേര്‍ത്തുപിടിച്ച ന്യൂസിലാന്‍ഡ് ലോകത്തിന് മാതൃക : ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

Published

|

Last Updated

ന്യൂസിലാന്‍ഡ് ഭീകരാക്രമണ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് നടത്തിയ സഹിഷ്ണുതാ മീറ്റില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സംസാരിക്കുന്നു

കോഴിക്കോട്: കഴിഞ്ഞ വെള്ളിയാഴ്ച ന്യൂസ്ലാന്‍ഡിലെ രണ്ട് മസ്ജിദുകളില്‍ ഭീകരാക്രമണം നടത്തി 50 വിശ്വാസികളെ കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് മുസ്‌ലിംകളെ ചേര്‍ത്തുപിടിക്കുകയും മുന്‍മാതൃകകള്‍ ഇല്ലാത്ത വിധത്തില്‍ ഭീകരവാദ വിരുദ്ധ നടപടികള്‍ക്ക് ആരംഭം കുറിക്കുകയും ചെയത് സര്‍ക്കാരിന്റെ നടപടികള്‍ ലോകത്തിനു മാതൃകയാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

ന്യൂസിലാന്‍ഡ് ഭീകരാക്രമണ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോഴിക്കോട്ട് നടത്തിയ സഹിഷ്ണുതാ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് പലയിടത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ നിലപാടുകള്‍ വിവിധ മതവിശ്വാസികള്‍ക്കും ആശയധാരകള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന സന്തുലിതത്തിനു ഭീഷണിയാണ്. ന്യൂസിലാന്‍ഡ് ഗവണ്‍മെന്റിന്റെ മാതൃകയില്‍ അത്തരം ആശയധാരകളെ പ്രതിരോധിക്കപ്പെടണം. ന്യൂസിലാന്‍ഡ് ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മനുഷ്യത്വവും സഹിഷ്ണുതയുമാണ് എല്ലായിടത്തും പ്രചരിക്കപ്പെടേണ്ടത്.

വ്യത്യസ്ത മതങ്ങളും വിശ്വാസങ്ങളും അനുസരിച്ചു ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ലഭ്യമാകുമ്പോഴാണ് ബഹുസ്വരത ദൃഢമാകുന്നതെന്നും കാന്തപുരം പറഞ്ഞു. നൂറുകണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ സംബന്ധിച്ചു. എല്ലാ പള്ളികളിലും ഭീകരാക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ ഗ്രാന്‍ഡ് മുഫ്തി ആഹ്വാനം ചെയ്തിരുന്നു. സംഭവത്തില്‍ അനുശോചിച്ചു ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് കഴിഞ്ഞ ദിവസം യു എ യിലെ ന്യൂസിലാന്‍ഡ് അംബാസിഡര്‍ മുഖേന കൈമാറിയിരുന്നതായും കാന്തപുരം അറിയിച്ചു. ഇന്നലെ വൈകുന്നേരം മര്‍കസിലും അനുശോചന സംഗമം നടന്നു.