ചെന്നിത്തലയുടെ അനുനയ നീക്കം ഫലം കണ്ടു; രഹസ്യ യോഗം ചേര്‍ന്ന ഐ ഗ്രൂപ്പിനെതിര നടപടിയില്ല

Posted on: March 23, 2019 11:15 am | Last updated: March 23, 2019 at 1:45 pm

കോഴിക്കോട്: കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് രഹസ്യ യോഗം ചേര്‍ന്നതിനെതിരെ തല്‍ക്കാലം നടപടിയില്ല. രമേശ് ചെന്നിത്തലയുടെ അനുനയ നീക്കത്തിന്റെ ഫലമായാണ് നടപടി തല്‍ക്കാലം വേണ്ടെന്നുവെച്ചത്. വയനാട് സീറ്റ് എ ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഐ ഗ്രൂപ്പ് കോഴിക്കോട് രഹസ്യ യോഗം ചേര്‍ന്നത്.

ഇക്കാര്യത്തില്‍ കോഴിക്കോട് നേരിട്ടെത്തി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെ ചെന്നിത്തല മുല്ലപ്പള്ളിയുമായി ബന്ധപ്പെടുകയും ശക്തമായ നടപടികളിലേക്ക് പോകരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നിലപാട് വേണ്ടെന്ന തീരുമാനത്തില്‍ മുല്ലപ്പള്ളിയെത്തിയത്. രഹസ്യ യോഗത്തിനെതിരെ വിഎം സുധീരനും രംഗത്ത് വന്നിരുന്നു. മുല്ലപ്പള്ളി ഇന്ന് കോഴിക്കോട് നേരിട്ടെത്തി അന്വേഷണം നടത്താനായിരുന്നു തീരുമാനം. അച്ചടക്ക ലംഘനം ബോധ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് കാലമെന്ന് നോക്കാതെ പോലും നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. വയനാട് സീറ്റ് കൈവിട്ടതില്‍ പ്രതിഷേധമറിയിക്കാനും കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിക്കാനുമാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് യോഗം ചേര്‍ന്നത്.