ഭീകരതയെ ഉറവിടത്തില്‍ ചെന്നു തകര്‍ക്കുകയാണ് നയം; പിത്രോദക്ക് മറുപടിയുമായി ജയ്റ്റ്‌ലി

Posted on: March 22, 2019 11:52 pm | Last updated: March 22, 2019 at 11:52 pm

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ വിവാഗ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പുല്‍വാമയില്‍ ചിലര്‍ നടത്തിയ ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനു മേല്‍ കുറ്റമാരോപിക്കുന്നത് ശരിയല്ലെന്ന പിത്രോദയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ഗുരു ഇങ്ങനെയാണ് പറയുന്നതെങ്കില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ സ്ഥിതിയെന്തായിരിക്കുമെന്ന് പിത്രോദയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി സൂചിപ്പിച്ച് ജെയ്റ്റ്‌ലി ചോദിച്ചു.

ഭീകരതക്കെതിരായ പ്രതിരോധം മാത്രമല്ല സര്‍ക്കാര്‍ നയം. അതിനെ ഉറവിടത്തില്‍ ചെന്ന് തകര്‍ക്കുക എന്നുള്ളതു കൂടിയാണ്. പിന്നോട്ടിറങ്ങി കളിച്ചാല്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ വിജയം നേടാനാകില്ല. ഇന്ത്യയുടെ സുരക്ഷാ നയം മാറിയിട്ടുണ്ട്. ഭീകരവാദികള്‍ക്കെതിരെ ഇന്ത്യ നടത്തി ആക്രമണങ്ങളെ പാക്കിസ്ഥാനല്ലാതെ മറ്റൊരു രാഷ്ട്രവും വിമര്‍ശിച്ചിട്ടില്ല. അവരുടെ അതേ സ്വരത്തിലാണിപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സംസാരിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ രാജ്യത്തിന്റെ ആത്മാഭിമാനത്തെയാണ് ഹനിക്കുന്നതെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.