മുഖ്യമന്ത്രിയാകാന്‍ ബി ജെ പി നേതാക്കള്‍ക്ക് യെദ്യൂരപ്പ ₹1800 കോടി കോഴ നല്‍കി: തെളിവുകള്‍ പുറത്ത്

Posted on: March 22, 2019 3:25 pm | Last updated: March 22, 2019 at 8:10 pm

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയാക്കാന്‍ ബി ജെ പി നേതാവ് യെദ്യൂരപ്പ ദേശീയ നേതൃത്വത്തിന് കോടികള്‍ കോഴ നല്‍കിയതായി വെളിപ്പെടുത്തല്‍. ബി ജെ പി കേന്ദ്ര നേതൃത്വത്തിനും ജഡ്ജിമാര്‍ക്കും ₹1800 കോടി യെദ്യൂരപ്പ കൈക്കൂലി നല്‍കിയതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വമാണ് രംഗത്തെത്തിയത്. ആദായ നികുതി വകുപ്പിന്റെ പക്കലുളള യെദ്യൂരപ്പയുടെ ഡയറിയിലെ രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്.

കാരവന്‍ മാഗസിന്‍ നേരത്തെ പുറത്തുവിട്ട യെദ്യൂരപ്പയുടെ ഡയറിയിലെ കാര്യങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ ആധികാരികയതോടെ കോണ്‍ഗ്രസ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ എത്തിച്ചത്. ₹1800 കോടിയോളം വിവിധ നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കുമായി നല്‍കിയതായി സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ കേസുകള്‍ക്കായി ജഡ്ജിമാര്‍ക്ക് ₹250 കോടി നല്‍കിയെന്നും ഡയറിയില്‍ പറയുന്നു. എന്നാല്‍ ഏതെല്ലാം കേസുകള്‍ക്ക് വേണ്ടിയാണ് പണം കൈമാറിയതെന്നോ ഏതെല്ലാം ജഡ്ജിമാര്‍ക്കാണ് പണം നല്‍കിയതെന്നോ വ്യക്തമാക്കിയിട്ടില്ല.

2009 ജനുവരി 17, 18 തിയ്യതികളിലെ ഡയറി പേജുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഡയറിലെ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ഓരോ ബി ജെ പി നേതാക്കള്‍ക്കും താന്‍ നല്‍കിയ തുക കൃത്യമായി യെദ്യൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബി ജെ പി കേന്ദ്ര നേതൃത്വത്തിന് ₹1000 കോടി, നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റിലിക്കും കൂടി ₹150 കോടി, രാജ്നാഥ് സിങിന് ₹100 കോടി, മുരളി മനോഹര്‍ ജോഷിക്കും എല്‍കെ അദ്വാനിക്കും കൂടി ₹50 കോടി, ജഡ്ജിമാര്‍ക്ക് ₹250 കോടി, അഭിഭാഷകര്‍ക്ക് ₹50 കോടി, ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് ₹10 കോടി നല്‍കിയതായി യെദ്യൂരപ്പയുടെ ഡയറിയിലുണ്ട്.

2017 മുതല്‍ യെദ്യൂരപ്പയുടെ ഡയറി വരുമാന നികുതി വിഭാഗത്തിന്റെ പക്കലുണ്ടായിട്ടും എന്തുകൊണ്ട് നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ഇത് സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ചോദിച്ചു. മോദിയും ബി ജെ പിയും അന്വേഷണം നടത്താന്‍ തയ്യാറായില്ല. കാവല്‍ക്കാരന്‍ കള്ളന്‍ മാത്രമല്ല. കള്ളന്‍മാരുടെ രാജാവ് കൂടിയാണെന്ന് സുര്‍ജേവാല പറഞ്ഞു. കണക്കുകള്‍ ശരിയാണോയെന്ന് ചൗക്കിദാര്‍ മറുപടി പറയണം. പുതുതായി രൂപവത്ക്കരിച്ച ലോക്പാലിന് അന്വേഷിക്കാന്‍ പറ്റിയ കേസാണിത്.