Connect with us

Kannur

കത്തിജ്വലിച്ച് സൂര്യന്‍, വിയര്‍ത്ത് കുളിച്ച് സ്ഥാനാര്‍ഥികള്‍

Published

|

Last Updated

കണ്ണൂര്‍: നാട്ടിലെങ്ങും കൊടും ചൂടാണ്. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. പരമാവധി പുറത്തിറങ്ങാതിരിക്കാന്‍ ശ്രമിക്കുകയാണ് ജനങ്ങള്‍. ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് വന്നതും. മാര്‍ച്ച് പകുതി പിന്നിട്ടേയുള്ളൂ. ഇനി വരാന്‍ പോകുന്നത് വെന്തുരുകുന്ന ചൂടാണ്. സൂര്യാതപ ഭീഷണിയുമുണ്ട്. പുറത്തിറങ്ങാനാകില്ലെങ്കിലും അകത്തിരിക്കുന്നതെങ്ങനെയെന്ന അവസ്ഥയിലാണ് സ്ഥാനാര്‍ഥികളും മുന്നണി പ്രവര്‍ത്തകരും.

രാഷ്ട്രീയക്കാര്‍ ഇത്തവണ വിയര്‍ത്ത് വെള്ളം കുടിക്കുമെന്നുറപ്പ്. അല്ല, വെള്ളം കുടിച്ചു കൊണ്ടേയിരിക്കും. മത്സരിക്കാന്‍ മുന്നണികള്‍ക്ക്സ്ഥാനാര്‍ഥികളായി. സ്ഥാനാര്‍ഥികള്‍ മണ്ഡല പര്യടനവും പ്രചാരണവും തുടങ്ങി കഴിഞ്ഞു.

ഇനി പ്രചാരണ തിരക്കിന്റെ കാലമാണ്. സ്ഥാനാര്‍ഥി പര്യടനം, വീടുകയറ്റം. പ്രചാരണ ജാഥകള്‍, കുടുംബ യോഗങ്ങള്‍ തുടങ്ങി പ്രവര്‍ത്തനങ്ങളുടെ നീണ്ട നിര തന്നെയുണ്ട് വരാന്‍. അതിനിടയില്‍ ചുമരെഴുതണം, പോസ്റ്ററൊട്ടിക്കണം, ലഘുലേഖ വിതരണം ചെയ്യണം. ഇതൊക്കെ ഈ കൊടും ചൂടിലാവണം.

സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വാടി തളര്‍ന്നത് തന്നെ. ചൂടില്‍ വോട്ട് മാത്രം നോക്കിയാല്‍ കാര്യം പോക്കാണ്. ചൂടിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ സ്ഥാനാര്‍ഥികളും നേതാക്കളും ശ്രദ്ധിക്കുന്നത് നന്നാകും. തടി നോക്കാതെ ഓടരുതെന്നര്‍ഥം.

സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് ഇതിനകം ചൂട് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനിയങ്ങോട്ട് കടുത്ത ചൂട് തന്നെയാകുമെന്ന് കാലാവസ്ഥാ വകുപ്പും പറയുന്നു.

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ കൊടും ചൂട് ഉണ്ടാകുമെന്നാണ് ഒടുവിലത്തെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തേതിനേക്കാള്‍ മൂന്ന് ഡിഗ്രിയോളം ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

11 മണി മുതല്‍ മൂന്ന് മണി വരെ കഴിയുന്നതും വെയിലത്ത് പോകുന്നത് ഒഴിവാക്കാനാണ് നിര്‍ദേശം. അങ്ങിനെയിപ്പോള്‍ പുറത്തിറങ്ങാതെ വോട്ട് പിടിക്കുന്നതെങ്ങിനെയെന്നാകും നേതാക്കളുടെ ചോദ്യം. വേണമെങ്കില്‍ ഈ പറയുന്ന സമയമൊഴിച്ച് പ്രചാരണ സമയവും ക്രമീകരിക്കാവുന്നതേയുള്ളു. രാവിലെ ഏഴ് മണിക്ക് തന്നെ പര്യടനം തുടങ്ങേണ്ടി വരും. ഈ സമയങ്ങളില്‍ പ്രസംഗം കേള്‍ക്കാന്‍ ആളെ കിട്ടുമോയെന്നും ആശങ്കയുണ്ടാകും. പതിനൊന്നര മണിയോടെയെങ്കിലും ഉച്ചക്ക് മുമ്പുള്ള സ്ഥാനാര്‍ഥി പര്യടനവും പ്രവര്‍ത്തനങ്ങളും മതിയാക്കണം. പിന്നെ വൈകീട്ട് നാല് മണിയോടെ പര്യടന പരിപാടികള്‍ ആരംഭിക്കാം. ഓഫീസിനകത്തിരുന്നുള്ള ആലോചന കള്‍ക്കും എഴുത്തു കുത്തുകള്‍ക്കും ഈ സമയങ്ങളും ഉപയോഗിക്കാം. പുറത്തു ജോലിചെയ്യുന്നവരും യാത്രചെയ്യുന്നവരും എപ്പോഴും കുടിവെള്ളം കരുതണമെന്നും നിര്‍ജലീകരണം ഒഴിവാക്കാന്‍ നിശ്ചിത ഇടവേളകളില്‍ വെള്ളം കുടിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്.

അത്‌കൊണ്ട് ഇനി പ്രചാരണ വാഹനങ്ങളില്‍ കൂടുതല്‍ വെള്ളവും കരുതേണ്ടി വരും. സ്ഥാനാര്‍ഥികള്‍ തിരക്കില്‍ വെള്ളം കുടിക്കാന്‍ മറന്ന് പോയാലും കൂടെയുള്ള നേതാക്കള്‍ അവരെ വെള്ളം കുടിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതും നന്നാകും. അല്ലെങ്കില്‍ വാടി തളര്‍ന്ന് കിടക്കേണ്ടി വരും. എതിരാളി വോട്ടും കൊണ്ട് പോയെന്നും വരും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ലെന്നര്‍ഥം.

 

ടി കെ എ ഖാദര്‍