Connect with us

National

രാഹുലിനെ നേരിടാൻ ഇത്തവണയും സ്മൃതി ഇറാനി

Published

|

Last Updated

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിടാൻ അമേഠിയിൽ ഇത്തവണയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. 2014ൽ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് സ്മൃതി തോറ്റത്. ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചത് മിച്ചം. 2009ൽ രാഹുലിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിലധികമായിരുന്നു. അന്ന് രണ്ടാം സ്ഥാനത്ത് ബി എസ് പിയായിരുന്നു. ബി ജെ പിയുടെ വോട്ട് 37,000 മാത്രവുമായിരുന്നു. അമേഠിയിൽ ആദ്യമായി വാശിയേറിയ മത്സരം സംഘടിപ്പിക്കാൻ സാധിച്ചത് സ്മൃതി ഇറാനിക്കാണെന്നും ഇത്തവണ ചരിത്രം തിരുത്തുമെന്നും ബി ജെ പി നേതാക്കൾ പറയുന്നു.

ഇത്തവണ മണ്ഡലവുമായി കുറച്ചു കൂടി അടുപ്പമുണ്ടാക്കിയ ശേഷമാണ് സ്മൃതി അമേഠിയിലേക്ക് പോകുന്നതെന്നാണ് ബി ജെ പി വൃത്തങ്ങൾ അവകാശപ്പെടുന്നത്. അവർ നിരവധി തവണ അമേഠിയിൽ എത്തി വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. മണ്ഡലത്തെ ഒരു വോട്ട് ബേങ്കായി മാത്രം കാണുകയാണ് രാഹുൽ ചെയ്തതെന്നും നാടിന്റെ വികസനത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തുന്നു.

കോൺഗ്രസ് വിശാല സഖ്യത്തിലില്ലെങ്കിലും ബി എസ് പി- എസ് പി സഖ്യം അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർഥിയെ നിർത്തുന്നില്ല. അങ്ങനെയെങ്കിൽ ബി ജെ പിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ മത്സരം വരും. 1981 മുതൽ നെഹ്‌റു- ഗാന്ധി കുടുംബവുമായി ബന്ധമുള്ളവവരാണ് അമേഠിയിൽ ജയിച്ചു വരുന്നത്. 1977ൽ സഞ്ജയ് ഗാന്ധി മത്സരിച്ചെങ്കിലും തോറ്റു. 1980ൽ പക്ഷേ അദ്ദേഹം ജയിച്ചു കയറി.

സഞ്ജയ് ഗാന്ധി വിമാനപകടത്തിൽ കൊല്ലപ്പെട്ടതോടെ 1981ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി മത്സരിക്കുകയും വൻ വിജയം നേടുകയും ചെയ്തു. 1991വരെ രാജീവ് തന്നെയാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. പിന്നീട് ഇവിടെ സോണിയാ ഗാന്ധിയെത്തി. 2004 മുതൽ മൂന്ന് തവണയും അമേഠി കാത്തത് രാഹുൽ ഗാന്ധിയാണ്. നിലവിൽ അമേഠിയിലെ അഞ്ച് നിയമസഭാ സീറ്റുകളിൽ ഒന്നു പോലും കോൺഗ്രസിന്റെ കൈയിലില്ല. തിലോൺ, സാലോൺ, ജഗദീശ്പൂർ, അമേഠി എന്നിവ കൈവശം വെക്കുന്നത് ബി ജെ പിയാണ്. ഗൗരിഗഞ്ചിൽ എസ് പി സ്ഥാനാർഥിയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇതൊന്നും രാഹുലിന്റെ സാധ്യതക്ക് ഇളക്കം തട്ടിച്ചിട്ടില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇത്തവണയാകട്ടേ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന നിലയിലാണ് രാഹുൽ മത്സരിക്കുന്നത്. പഴയ രാഹുലല്ല ഇപ്പോൾ.

Latest