വാഹനാപകടം: അമന്‍ മരണത്തിന് കീഴടങ്ങി

Posted on: March 21, 2019 11:24 pm | Last updated: March 21, 2019 at 11:24 pm
മുഹമ്മദ് അമന്‍

ദമാം: കഴിഞ്ഞ ഒരാഴചയായി കാറപകടത്തില്‍ ഗുരുതര പരിക്ക് പറ്റി ആശുപത്രിയിലായിരുന്ന മലപ്പുറം വാണിയമ്പലം സ്വദേശി ഷൈജല്‍-സഹ്ല തസ്നി ദമ്പതികളുടെ മകന്‍ മുഹമ്മദ് അമന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ദമാം വിമാനത്താവളത്തില്‍ നിന്നും കുടുംബത്തോടൊപ്പം കോബാറിലെ താമസസ്ഥലത്തേക്കുള്ള മടക്ക യാത്രയിലാണ് അപകടം സംഭവിച്ചത്. സന്ദര്‍ശന വിസയിലെത്തി നാട്ടിലേക്ക് മടങ്ങുകയായിരുന്ന ബന്ധുക്കളെ യാത്രയയച്ച് മടങ്ങി വരുമ്പോഴാണ് സ്വദേശി പൗരന്‍ ഓടിച്ച വാഹനം ഇടിച്ചത്. കാറിന്റെ പിന്‍സീറ്റിലായിരുന്ന മുഹമ്മദ് അമന് ഇടിയുടെ അഘാതത്തില്‍ തലക്ക് ഗുരുതരമായ പരിക്ക് പറ്റുകയതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ അബു ഹദ്രിയ റോഡിലെ സെക്യൂരിറ്റി ഫോഴ്സ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും നിരന്തരം ശ്രമം നടത്തിയെങ്കിലും അവസാനം അമന്‍ വിധിക്ക് കീഴടങ്ങി.

എട്ട് മാസം പ്രായമായ മുഹമ്മദ് അയാന്‍ സഹോദരനാണ്. അപകട വിവരമറിഞ്ഞ് ദമാമിലെ സാമൂഹിക സംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ ആശുപത്രിയിലെത്തിയിരുന്നു. വലിയ സുഹ്യദ് വലയമുള്ള ഷൈജലിന്റെ മകന്റെ നിര്യാണം സുഹ്യത്തുക്കളേയും പരിചിതരേയും ഏറെ കണ്ണീരിലാഴ്ത്തി. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതദേഹം ദമാമില്‍ ഖബറടക്കും.