മറുകണ്ടം ചാടിയിട്ടും ടോം വടക്കന് സീറ്റില്ല

Posted on: March 21, 2019 11:07 pm | Last updated: March 21, 2019 at 11:09 pm
ടോം വടക്കന്‍

തിരുവനന്തപുരം: ബിജെപിയില്‍േ ചേര്‍ന്നിട്ടും കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന് സീറ്റ് കിട്ടിയില്ല. ബി ജെ പി പ്രഖ്യാപിച്ച കേരളത്തിലെ 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ടോം വടക്കന് ഇടം നേടാനായില്ല. ഇനി പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത് പത്തനംതിട്ട മാത്രമാണ്.

കേരളത്തില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും വടക്കന്റെ കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്.

തൃശൂരോ ചാലക്കുടിയോ കിട്ടുമെന്ന് വടക്കന്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൊല്ലം കൊടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ ധാരണ. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച സാബു വര്‍ഗീസിനെ കൊല്ലത്ത് സ്ഥാനാര്‍ഥിയാക്കിയതോടെ ആ പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്.

തൃശൂരില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കണമെന്ന ആഗ്രഹം ടോം വടക്കന്‍ പലപ്പോഴായി പ്രകടിപ്പിച്ചിരുന്നെങ്കിലും ഇത് നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വടക്കന്‍ പാളയം മാറിയതെന്ന ആരോപണവും ഉയര്‍ന്നു കേട്ടിരുന്നു. പക്ഷെ, ബി ജെ പിയില്‍ ചേര്‍ന്നിട്ടും ആഗ്രഹിച്ച സീറ്റ് വടക്കന് കിട്ടിയില്ല. സ്ഥാനമാനങ്ങള്‍ക്കല്ല താന്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്ന് ടോം വടക്കന്‍ പറഞ്ഞിരുന്നുവെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ഥിയാകുമെന്നും അദ്ധേഹം വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ബാക്കിയുള്ള പത്തനംതിട്ട സീറ്റില്‍ സുരേന്ദ്രന്‍ മത്സരിക്കുമെന്ന കാര്യവും ഏകദേശം തീരുമാനമായ സാഹചര്യത്തില്‍ കേരളത്തിലെവിടെയും വടക്കന് സീറ്റില്ലെന്ന് ഉറപ്പായി.