ഇന്ത്യ-പാക് പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണം: എസ് സി ഒ

Posted on: March 21, 2019 3:02 pm | Last updated: March 21, 2019 at 8:21 pm

ബീജിംഗ്: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈനയുടെ നേതൃത്വത്തിലുള്ള മേഖലാ സുരക്ഷാ ഗ്രൂപ്പായ ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) ആവശ്യപ്പെട്ടു. അതിരുകടന്ന പരസ്പര വിരോധം അവസാനിപ്പിക്കാനും ഭീകരവാദികള്‍ക്കെതിരായ പോരാട്ടം പ്രതിജ്ഞാബന്ധതയോടെ തുടരാനും ഇരു രാജ്യങ്ങളും തയാറാകണം. അതല്ലെങ്കില്‍ ഇരു രാഷ്ട്രങ്ങള്‍ക്കും എസ് സി ഒയില്‍ തുടരുക അസാധ്യമാകുമെന്ന് ഗ്രൂപ്പിന്റെ സെക്രട്ടറി ജനറലായി പുതുതായി നിയമിതനായ വ്‌ളാദിമീര്‍ നോറോവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യ-പാക് സംഘര്‍ഷത്തിന് രാഷ്ട്രീയപരവും നയതന്ത്രപരവുമായ പരിഹാരത്തിനാണ് ശ്രമിക്കേണ്ടതെന്ന എസ് സി ഒയിലെ മറ്റ് അംഗ രാഷ്ട്രങ്ങളുടെ നിലപാടില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2017ലാണ് ആറംഗ ഗ്രൂപ്പില്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തിയത്. എല്ലാവിധത്തിലുള്ള ഭീകരവാദത്തെയും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സംയുക്ത പ്രതിരോധം സംഘടിപ്പിക്കുകയെന്നത് പ്രധാന ദൗത്യങ്ങളിലൊന്നാണെന്ന് ഗ്രൂപ്പിന്റെ ചാര്‍ട്ടറില്‍ വ്യക്തമാക്കിയിട്ടുണ്ട്.