പ്രധാനമന്ത്രി മോഹം തുറന്ന് പറഞ്ഞ് മായാവതി: മത്സരിക്കാതെയും പ്രധാനമന്ത്രിയാകാം

Posted on: March 21, 2019 2:54 pm | Last updated: March 21, 2019 at 3:58 pm

ലക്‌നോ: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും തന്റെ പ്രധാനമന്തി മോഹം തുറന്ന് പറഞ്ഞ് ബി എസ് പി അധ്യക്ഷ മായാവതി രംഗത്ത്. താന്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശരാകേണ്ടെന്നും മത്സരിക്കാതെയും പ്രധാനമന്ത്രിയാകാമെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു. താന്‍ മത്സരിക്കുന്നില്ലെന്നും ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്നും യു പിയില്‍ എസ് പി- ബി എസ് പി സഖ്യത്തിനായി പ്രാരണത്തിന് നേതൃത്വം നല്‍കുമെന്നും മായാവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇത് വലിയ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മായാവതിയില്ലെന്ന രീതിയില്‍ പ്രചാരണം നടന്നു. യു പിയിലെ സഖ്യം പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് മായാവതി ഇങ്ങനെ അഭിപ്രായപ്പെട്ടതെന്ന് ബി ജെ പി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ വിശദീകരണവുമായി മായാവതി ട്വിറ്ററിലെത്തിയത്.

തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാം. പ്രധാനമന്ത്രിയായി ചുമതലയേറ്റ് ആറ് മാസത്തിനകം ലോക്‌സഭയിലേക്കോ, രാജ്യസഭയിലേക്കോ തിരഞ്ഞെടുക്കപ്പെട്ടാല്‍ മതി. 1995ല്‍ ആദ്യമായി യു പി മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടപ്പോള്‍ താന്‍ നിയമസഭാ അംഗമായിരുന്നില്ല. ഇതിനാല്‍ പ്രവര്‍ത്തകര്‍ നിരാശപ്പെടേണ്ടതില്ല- മായാവതി പറഞ്ഞു.

ബി ജെ പിയെ തോല്‍പ്പിക്കുക എന്ന ഒറ്റലക്ഷ്യമാണ് മുന്നിലുള്ളത്. എസ് പിയും ആര്‍ എല്‍ ഡിയുമായി ഇതിന്റെ ഭാഗമാണ് സഖ്യമുണ്ടാക്കിയത്. സഖ്യ സ്ഥാനാര്‍ഥികള്‍ പരാമവധി സീറ്റുകളില്‍ ജയിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇത്തവണ മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ തീരുമാനം. മത്സരിച്ചാല്‍ ജയിക്കും. നോമിനേഷന്‍ നല്‍കി കഴിഞ്ഞാല്‍ ബാക്കി പ്രവര്‍ത്തകര്‍ നോക്കിക്കോളം. എന്നാല്‍ തന്റെ വിജയത്തേക്കള്‍ ഉപരി സഖ്യത്തിന്റെ വിജയത്തിന്റെ പ്രധാന്യം നല്‍കുന്നതെന്നായിരുന്നു മായാവതി കഴിഞ്ഞ ദിവസം പറഞ്ഞത്.