Kozhikode
കരിഞ്ചോലയിൽ മർകസിന്റെ ആദ്യ ഭവനം പൂർത്തിയായി

നിർമിച്ചു നൽകുന്ന
താമരശ്ശേരി: ഉരുൾപൊട്ടൽ നാശം വിതച്ച കരിഞ്ചോലയിൽ വീട് നഷ്ടമായ കുടുംബങ്ങൾക്ക് മർകസ് നിർമിക്കുന്ന വീടുകളിൽ ആദ്യത്തേത് സമർപ്പണത്തിനൊരുങ്ങുന്നു. കരിഞ്ചോല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട പി ടി ശഫീഖും കുടുംബവും ആദ്യ വീട്ടിൽ താമസമാരംഭിച്ചു. അടുത്ത മാസം കരിഞ്ചോലയിൽ നടക്കുന്ന ചടങ്ങിൽ മർകസും കേരള മുസ്‌ലിം ജമാഅത്തും സംയുക്തമായി നിർമിച്ച എട്ട് വീടുകളുടെ താക്കോൽ ദാനവും നടക്കും.
ഏഴ് ലക്ഷം രൂപ ചെലവിൽ രണ്ട് മുറികളും അടുക്കള, വരാന്ത, കുളിമുറി, ഹാൾ തുടങ്ങിയ സൗകര്യങ്ങളോടെയും നിർമിക്കുന്ന വീടുകൾക്ക് ആവശ്യമായ സ്ഥലവും സംഘടന വഴി കണ്ടെത്തുകയായിരുന്നു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് മർകസും മുസ്‌ലിം ജമാഅത്തും ചേർന്ന് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. മറ്റു വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രകൃതി ദുരന്തങ്ങൾക്കിരയായവരിൽ നിന്ന് തിരഞ്ഞെടുത്ത മറ്റു 26 കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമാണവും ഇതൊടൊപ്പം പുരോഗമിക്കുകയാണെന്ന് മർകസ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി അറിയിച്ചു.