Connect with us

Malappuram

മമ്പുറം മഖാമിന് സമീപത്തെ അനധികൃത കച്ചവടങ്ങൾ പൊളിച്ചുമാറ്റി

Published

|

Last Updated

മമ്പുറം മഖാമിന് സമീപത്തെ തെരുവോര കച്ചവടങ്ങൾ പൊളിച്ചു നീക്കിയതിനെതിരെ കച്ചവടക്കാർ മഖാമിന് മുന്നിൽ പ്രതിഷേധിക്കുന്നു

തിരൂരങ്ങാടി: മമ്പുറം മഖാമിന് സമീപത്ത് അനധികൃതമായി കെട്ടിയുണ്ടാക്കിയ കച്ചവടങ്ങൾ പി ഡബ്ല്യൂ ഡി അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറാണ് പോലീസിന്റെ സഹായത്തോടെ കച്ചവടങ്ങൾ നീക്കം ചെയ്തത്.

മമ്പുറം മഖാമിന് സമീപത്ത് അനധികൃത കച്ചവടങ്ങൾ പി ഡബ്ല്യൂ ഡി അധികൃതരുടെ നേതൃത്വത്തിൽ പോലീസ് സഹായത്തോടെ പൊളിച്ചു നീക്കുന്നു

തെരുവ് കച്ചവടങ്ങൾക്കെതിരെ പരിസരത്ത് താമസിക്കുന്നവരും വ്യാപാരി വ്യവസായി ഏകോപന സമിതി മമ്പുറം യൂനിറ്റും മഖാം നടത്തിപ്പുകാരായ ചെമ്മാട് ദാറുൽ ഹുദാ കമ്മിറ്റിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതേത്തുടർന്ന് ഇവ നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും വേണ്ട പോലീസ് സംരക്ഷണം നൽകാൻ മലപ്പുറം ഡി വൈ എസ് പിക്കും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
തുടർന്ന് 19ന് മുമ്പ് കച്ചവടങ്ങൾ പൊളിച്ചു മാറ്റണമെന്നറിയിച്ച് പി ഡബ്ല്യൂ ഡി നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. പൊളിക്കുന്നതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്ന് കച്ചവടക്കാർ പ്രകടനമായെത്തി മഖാമിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പണത്തിനും സ്വാധീനങ്ങൾക്കും വഴങ്ങിയാണ് അധികൃതരുടെ ഈ നടപടിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തിരൂരങ്ങാടി സർക്കിൾ ഇൻസ്‌പെക്ടർ റഫീഖിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
പോലീസ് സംയമനം പാലിച്ചതിനാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
കാലത്ത് പത്തരയോടെ ആരംഭിച്ച നടപടി ഉച്ചയോടെ അവസാനിച്ചെങ്കിലും പ്രതിഷേധക്കാർ ഏറെ നേരം മഖാമിന് മുന്നിൽ കുത്തിയിരുന്നു.

Latest