പ്രിയങ്ക ഗാന്ധി ശാസ്ത്രി പ്രതിമയില്‍ മാലയിട്ടു; ബിജെപി പ്രവര്‍ത്തകര്‍ മാലമാറ്റി ഗംഗാജലമൊഴിച്ചു

Posted on: March 20, 2019 9:12 pm | Last updated: March 21, 2019 at 11:01 am

വാരാണസി:വാരാണസി: ഉത്തര്‍പ്രദേശിലെ പ്രിയങ്കാ ഗാന്ധിയുടെ റാലിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പ്രയാഗ് രാജിലെ മനയ്യഘട്ടില്‍നിന്നും ആരംഭിച്ച പ്രിയങ്കയുടെ റാലി വാരാണസിയിലെത്തിയതോടെയാണ് സംഘര്‍ഷഭരിതമായത്. റാലിയില്‍ ബിജെപി പ്രവര്‍ത്തകരെത്തി മുദ്രാവാക്യം മുഴക്കിയതാണ് പ്രശ്്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

സംഘര്‍ഷത്തിനിടെ പ്രിയങ്ക മുന്‍പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ മാല അണിയിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയുമുണ്ടായി.സംഘര്‍ഷത്തിന് പിന്നാലെ ഓടിയെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പ്രിയങ്ക അണിയിച്ച മാല ഊരിമാറ്റി. പ്രതിമ ഗംഗാജലത്താല്‍ കഴുകുകയുമുണ്ടായി. പ്രിയങ്ക മടങ്ങിയതിന് തൊട്ടുപിറകെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ശുദ്ധീകരണം. ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക മൂന്ന് ദിവസം കൊണ്ട് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അഞ്ച് മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളെ നേരില്‍ സന്ദര്‍ശിക്കാനാണ് യാത്രയില്‍ പദ്ധതിയിടുന്നത്.