Connect with us

Gulf

ആര്‍ട് ദുബൈ ഇന്നു മുതല്‍

Published

|

Last Updated

ദുബൈ: പതിമൂന്നാമത് ആര്‍ട് ദുബൈ പ്രദര്‍ശനം ഇന്ന് മദീനത് ജുമൈറയില്‍ ആരംഭിക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി.
42 രാജ്യങ്ങളില്‍ നിന്നുള്ള 92 ആധുനിക കലാ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. ആര്‍ട് ദുബൈ കണ്ടംപററി, ആര്‍ട് ദുബൈ മോഡേണ്‍, റസിഡന്‍സന്റ്‌സ് എന്നീ വിഭാഗങ്ങളിലാണ് പ്രദര്‍ശനം. യുഎഇയില്‍ താമസിക്കുന്ന 80 രാജ്യക്കാരായ 500 കലാകാരന്മാര്‍ അണിനിരക്കും. ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം ആകര്‍ഷണമായിരിക്കും. 1960 മുതല്‍ 70 വരെയുള്ള ഗള്‍ഫിന്റെ ദൃശ്യവിസ്മയമായിരിക്കും ഇത്.
പുതിയ ഗാലറി വിഭാഗം ബവ്വാബയാണ് ഇപ്രാവശ്യത്തെ വലിയ സവിശേഷത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രത്യേകതയുള്ള കലാസൃഷ്ടികളായിരിക്കും ഇവിടെ പ്രദര്‍ശിപ്പിക്കുക. കൂടാതെ, ആദ്യമായി യുഎഇ നൗ എന്ന വിഭാഗവും ഒരുക്കിയിട്ടുണ്ട്. യു എ ഇയില്‍ നിന്നുള്ള കലാകാരന്മാരാണ് തങ്ങളുടെ സൃഷ്ടികളുമായി ഇവിടെ അണിനിരക്കുക.

മികവ് വെളിപ്പെടുത്തുന്നതായിരിക്കും ആര്‍ട് ദുബൈയെന്ന് ആര്‍ടിസ്റ്റിക് ഡയറക്ടര്‍ പാബ്ലോ ദെല്‍വാല്‍ പറഞ്ഞു. കലാ പ്രദര്‍ശനത്തിലുപരി സംസ്‌കാരങ്ങള്‍ തമ്മിലുള്ള കൈമാറ്റമായിരിക്കും ഇവിടെ നടക്കുക. പുതിയ തരം കലാസൃഷ്ടികള്‍ കൂടി ഇവിടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറുകള്‍, ശില്‍പശാലകള്‍, ചര്‍ച്ചകള്‍ എന്നിവയും ഉണ്ടായിരിക്കുമെന്ന് ആര്‍ട് ദുബൈ ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ കോള്‍ വയിറ്റ്‌സണ്‍ പറഞ്ഞു. 130 രാജ്യാന്തര സ്ഥാപനങ്ങളുടെ പ്രതിനിധികളും എത്തിച്ചേരും. ദുബൈ കള്‍ചര്‍ അതോറിറ്റി സംഘടിപ്പിക്കുന്ന ആര്‍ട് ദുബൈ ഈ മാസം 23ന് സമാപിക്കും. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും.

ഉമ്മുസുഖീം അല്‍ സുഫൂഹ് റോഡിലെ മദീനത് ജുമൈറയിലാണ് ആര്‍ട് ദുബൈ അരങ്ങേറുന്നത്. ശൈഖ് സായിദ് റോഡിലൂടെ വരികയാണെങ്കില്‍ ഇന്റര്‍ചേഞ്ച് നാലില്‍ എക്‌സിറ്റ് 39ലേയ്ക്ക് പ്രവേശിക്കണം. പൊതുജനങ്ങള്‍ക്ക് വ്യാഴം ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 9 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച ഉച്ചക്ക് 12 മുതല്‍ രാത്രി 9 വരെയും. സമാപന ദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് ആറു വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
ഡേ ടിക്കറ്റ് ഒരു ദിവസത്തേയ്ക്കുള്ള ടിക്കറ്റ് ഓണ്‍ലൈനിലൂടെ ((http://www.artdubai.ae/admission/) വാങ്ങിക്കുകയാണെങ്കില്‍ ഒരാള്‍ക്ക് 60 ദിര്‍ഹവും വേദിയില്‍ നിന്നാണെങ്കില്‍ 90 ദിര്‍ഹവും. മൂന്നു ദിവസത്തേക്കുമുള്ള ടിക്കറ്റ് ഓണ്‍ലൈനിലൂടെ 100 ദിര്‍ഹം നല്‍കണം. എന്നാല്‍ വേദിയില്‍ നിന്ന് വാങ്ങിക്കുമ്പോള്‍ വില 150 ദിര്‍ഹം.
18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്റ്റുഡന്റ് ഐ ഡി കാണിച്ചാല്‍ സൗജന്യമായി പ്രവേശിക്കാം. വനിതകള്‍ക്ക് മാത്രമായുള്ള ദിവസവും സൗജന്യ പ്രവേശനമാണ്.