തിരഞ്ഞെടുപ്പ് ചൂടിലേക്ക് ലക്ഷദ്വീപും

Posted on: March 20, 2019 7:04 pm | Last updated: March 20, 2019 at 7:04 pm

കൊച്ചി: കോൺഗ്രസ് സ്ഥാനാർഥിയെകൂടി നിശ്ചയിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് രാജ്യത്തെ ഏറ്റവും ചെറിയ മണ്ഡലങ്ങളിലൊന്നായ ലക്ഷദ്വീപ്. മറ്റ് സംസ്ഥാനങ്ങളിൽ മുന്നണികളായിട്ടാണ് പാർട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ ലക്ഷദ്വീപിലെ സ്ഥിതി മറിച്ചാണ്. മുഖ്യരാഷ്ട്രീയ പാർട്ടികളെല്ലാം ഒറ്റക്കാണ് തിരഞ്ഞെടുപ്പിനെ ഇവിടെ നേരിടാറുള്ളത്. പാർട്ടികൾ ധാരാളമുണ്ടെങ്കിലും ദ്വീപിലെ മുഖ്യ എതിരാളികൾ കോൺഗ്രസും എൻ സി പിയുമാണ്. കോൺഗ്രസ് കോട്ടയായ ലക്ഷദ്വീപിൽ കഴിഞ്ഞ തവണ എൻ സി പിയുടെ പി പി മുഹമ്മദ് ഫൈസലാണ് വിജയക്കൊടി നാട്ടിയത്. മുഹമ്മദ് ഫൈസൽ തന്നെയാണ് ഇത്തവണയും എൻ സി പിയുടെ സ്ഥാനാർഥി. ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ കാലം എം പിയായിരിക്കുകയും കേന്ദ്രമന്ത്രിയാകുകയും ചെയ്ത പി എം സെയ്ദിന്റെ മകൻ മുഹമ്മദ് ഹംദുല്ല സെയ്ദാണ് കോൺഗ്രസ് സ്ഥാനാർഥി. കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്. മുഹമ്മദ് ഹംദുല്ല സെയ്ദായിരുന്നു കഴിഞ്ഞ തവണയും കോൺഗ്രസ് സ്ഥാനാർഥി. 1535 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എൻ സി പിയുടെ വിജയം. എൻ സി പി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ പ്രചാരണത്തിൽ സജീവമായിരുന്നു.

കഴിഞ്ഞ ദിവസമാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നത്. പ്രചാരണത്തിൽ പിന്നാക്കം പോയെങ്കിലും കോൺഗ്രസും ആവേശത്തിലാണ്. കോൺഗ്രസിന്റെ കോട്ടയായ ലക്ഷദ്വീപ് ഇക്കുറി തിരിച്ചുപിടിക്കാമെന്നാണ് അണികളുടെ ആത്മവിശ്വാസം. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ വികസന പ്രവർത്തനങ്ങളാണ് എൻ സി പിയുടെ കൈമുതൽ. ദ്വീപിലെ ഉദ്യോഗസ്ഥരല്ലാത്ത എല്ലാ ജനങ്ങൾക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് കാർഡ് നൽകിയതാണ് എൻ സി പി തിരഞ്ഞെടുപ്പിൽ മുഖ്യമായും ഉയർത്തിക്കാട്ടുന്നത്. ചികിത്സക്കായി കേരളത്തെ ആശ്രയിക്കേണ്ടി വരുന്ന ദ്വീപ് ജനതക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടത് ഇൻഷ്വറൻസ് കാർഡാണ് എന്നാണ് എൻ സി പിയുടെ വിലയിരുത്തൽ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ജനങ്ങൾക്ക് പണം അനുവദിപ്പിക്കാൻ എം പി നടത്തിയ ഇടപെടലുകളും മൂന്ന് രൂപക്ക് അരി നൽകാൻ കഴിഞ്ഞതും എൻ സി പി പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. ദ്വീപിന് 13 എം ബി ബി എസ് സീറ്റുകളുണ്ടായിരുന്നത് ഒന്നായി വെട്ടികുറക്കപ്പെട്ടതും ഗവ. പ്രസുകൾ അടച്ചു പൂട്ടിയതും റേഷൻ സന്പ്രദായത്തിലുണ്ടായ വീഴ്ചയുമെല്ലാമാണ് തിരഞ്ഞെടുപ്പിലെ എതിരാളികളുടെ മുഖ്യ പ്രചരണ വിഷയങ്ങൾ. എൺപതിനായിരത്തോളം ജനസംഖ്യ മാത്രമുള്ള ദ്വീപിൽ ആകെയുള്ളത് 54,266 വോട്ടർമാരാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 11നാണ് ദ്വീപിലും വോട്ടെടുപ്പ്. കോൺഗ്രസിന്റേയും എൻ സി പിയുടേയും സ്ഥാനാർഥികളിൽ ആരു ജയിച്ചാലും കേന്ദ്രത്തിൽ ഇരുവരും ഒരു മുന്നണിയാണ് എന്നാതാണ് മറ്റൊരു വസ്തുത.

കെ എം സിജു