അപ്രതീക്ഷിത വഴിത്തിരിവുകൾക്ക് കാരണം ഞാനിട്ട ഒപ്പുകൾ

Posted on: March 20, 2019 6:25 pm | Last updated: March 20, 2019 at 6:25 pm

എന്റെ ജീവിതത്തിലെ വഴിത്തിരിവുകളൊക്കെ ഒപ്പുകളിൽ നിന്ന് തുടങ്ങിയ അപ്രതീക്ഷിത നേട്ടങ്ങളാണ്. 1926 ൽ കോൺഗ്രസ് കുടുംബത്തിലാണ് ജനനം. ആദ്യമായി മുനിസിപ്പാലിറ്റിയിലേക്ക് മൽസരത്തിനിറങ്ങുന്നത് അപ്രതീക്ഷിതമായാണ്. 1946ൽ കോഴിക്കോട് നഗരസഭയിലെ മൂന്നാം വാർഡിൽ വനിതാസംവരണമായിട്ടും സ്്ത്രീകളാരും മത്സരത്തിനിറങ്ങാൻ തയ്യാറായില്ല. ഭർത്താവിന്റെയും രാഷ്ട്രീയ ഗുരുനാഥൻമാരുടെയും പിന്തുണയിൽ നേതാക്കൾ വന്ന് കുതിരവണ്ടിയിൽ കൊണ്ടുപോയി. കാത്തുനിൽക്കാൻ സമയമില്ല എന്നവർ പറഞ്ഞു. സഹോദരതുല്യനായ ഷൺമുഖം ചെട്ടി ഒരു പേപ്പറിൽ ഒപ്പിടാൻ പറഞ്ഞു. അപ്പോഴും അന്തംവിട്ടു ഭർത്താവിന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ് ഞാൻ. എന്തിനാ ഒപ്പിടുന്നതെന്ന് ഒരു രൂപവുമില്ല. ഭർത്താവ് പറഞ്ഞതുകൊണ്ട് മാത്രം ഒപ്പിട്ടു കൊടുത്തു. ഉടൻ തന്നെ ജയ് വിളിയും തുടങ്ങി. പിന്നെ വീട്ടിലേക്കു പോകാൻ കഴിയുന്നില്ല. വിജയം ആഘോഷിക്കുന്പോൾ 21 വയസ്സായിരുന്നു പ്രായം. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല.

1977ൽ അടിയന്തരാവസ്ഥക്കുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. സെയ്ത് മുഹമ്മദ് ആയിരുന്നു എതിർ സ്ഥാനാർഥി. ചെറിയ വോട്ടിനാണ് തോൽവി. സെയ്ദിന് എന്നെ വലിയ കാര്യമാണ്. ആളുകൾ എന്നെ കാലുവാരി അയാൾക്ക് വോട്ടു ചെയ്യുമെന്നൊന്നും അദ്ദേഹം വിചാരിച്ചിരുന്നില്ല. തോൽക്കുമെന്നു തന്നെയായിരുന്നു വിചാരം. വോട്ടെണ്ണൽ ദിവസം വീട്ടിലിരിക്കുകയായിരുന്ന എന്നെ മൂത്ത മകൻ യതീന്ദ്ര ദാസാണ് തോറ്റ വിവരം അറിയിച്ചത്. തിരഞ്ഞെടുപ്പാവുമ്പോൾ ചിലപ്പോൾ തോൽക്കും ചിലപ്പോൾ ജയിക്കും അതിന് നീയിത്ര വിഷമിക്കാനുണ്ടോ എന്ന് ഞാനവനോട് ചോദിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർക്കുള്ള കേന്ദ്ര സർക്കാർ പെൻഷൻ എനിക്ക് ശരിയാക്കി തന്നത് സെയ്ദായിരുന്നു. തോറ്റെങ്കിലും എല്ലാവരോടും സ്‌നേഹത്തോടും വിശ്വാസത്തോടും കൂടിയാണ് ഞാൻ നിന്നത്. അതുകൊണ്ട് തന്നെ തിരിച്ചും അതെനിക്ക് ലഭിക്കുന്നുണ്ട്.
പിന്നെ 1980ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. ജനങ്ങളുടെ പിന്തുണ ഉള്ളതുകൊണ്ട് ജയിക്കുമെന്ന് ഉറപ്പിച്ചെങ്കിലും ഇവിടുത്തെ ചില പ്രശ്‌നങ്ങൾ കാരണം പരാജയപ്പെട്ടു. പിന്നീട് 1982ൽ എം പി വീരേന്ദ്രകുമാറിന്റെ നിർബന്ധം കാരണം വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചു. ഞാൻ എം എൽ എയോ മന്ത്രിയോ എന്തായിട്ടുണ്ടെങ്കിലും വീരേന്ദ്രകുമാർ ഒറ്റയാളാണ് അതിനെല്ലാം പിന്നിൽ. അങ്ങനെ 27500 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഞാൻ അവിടെ ജയിക്കുന്നത്. വോട്ടെണ്ണുന്ന ദിവസം എന്റെ വോട്ടുകൾ 10,000നു മുകളിലായെന്ന് അനൗൺസ് ചെയ്തു. ഇതുകേട്ട തങ്കപ്പൻ എന്ന പ്രവർത്തകൻ അമ്മാവുക്ക് പത്ത്ക്കും മേലെ വന്തത് എന്നു പറഞ്ഞ് തുള്ളിച്ചാടി. സന്തോഷാധിക്യത്താൽ അവൻ കുഴഞ്ഞു വീണു മരിച്ചു. പിന്നീട് ഉയർന്ന പദവിയിലെത്തിയപ്പോൾ അവന്റെ കുടുംബത്തെ സംരക്ഷിക്കാനായി ഒരുപാട് കാര്യങ്ങൾ ചെയ്‌തെങ്കിലും അവൻ പോയില്ലേ. ആ വേദന ഒരു നൊമ്പരമായി 37 വർഷങ്ങൾക്കിപ്പോഴും തന്നെ വേട്ടയാടുന്നുണ്ട്. അതിനുശേഷമാണ് കരുണാകരൻ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുന്നതും മന്ത്രിസഭയിൽ അംഗമാവുന്നതും.

അന്ന് കരുണാകരന്റെ വീട്ടിലെത്തിയ എന്നോട് എന്താണ് പറയാനുള്ളതെന്ന് കരുണാകരൻ ചോദിച്ചു. കഴിഞ്ഞ സർക്കാറിൽ 19 മന്ത്രിമാരായിരുന്നു നമുക്ക്. ഇത്തവണ 19,20 ഒന്നും വേണ്ട. നമ്മുടെ കേരളം ഭരിക്കാൻ ഒരു 15 പേർ മതി. ഉത്തരവാദിത്വബോധമുള്ള നിഷ്‌കളങ്കരായ, കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ള ആൾക്കാരെയാണ് വേണ്ടതെന്നും ഞാൻ പറഞ്ഞു. ശരി എന്നു പറഞ്ഞ് അവിടെയുള്ള ഒരു വെള്ള പേപ്പറിൽ ഒപ്പിടാൻ പറഞ്ഞു. അങ്ങനെ സാമൂഹികക്ഷേമം-സഹകരണം-രജിസ്‌ട്രേഷൻ-അഡ്മിനിസ്‌ട്രേഷൻ മന്ത്രിയായി ചുമതലയേറ്റു. എനിക്ക് പദവികൾ തരുന്നതിനോട് എതിർപ്പുള്ളവരും മന്ത്രിസഭയിൽ ഉണ്ടായിരുന്നു. എനിക്കെന്തു വിവരമുണ്ട് എന്നായിരുന്നു ഇവരുടെ പ്രധാന ചോദ്യം. എന്നാൽ 16 കൊല്ലം മുനിസിപ്പൽ കൗൺസിലറായി ഇരുന്ന വ്യക്തിയാണ് ഞാനെന്നും തദ്ദേശ സ്വയംഭരണവകുപ്പ് എനിക്കു തരണമെന്നുമായിരുന്നു കരുണാകരന്റെ അഭിപ്രായം. ജാതിയുടെ പേരിൽ കാബിനറ്റിൽ ബാലകൃഷ്ണപ്പിള്ളയുമായുണ്ടായിരുന്ന അസ്വാരസ്യങ്ങൾ കമലം ഇപ്പോഴും ഓർക്കുന്നു.

നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായി നേരിട്ട് പരിചയം. ഗൗരിയമ്മ, എ കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കൾക്കെല്ലാം കമലം പ്രിയപ്പെട്ടവൾ ആയിരുന്നു.
മുൻ മന്ത്രി, വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ, കെ പി സി സി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എ ഐ സി സി അംഗം തുടങ്ങിയ നിലകളിൽ ഏഴ് പതിറ്റാണ്ട് കാലം പൊതുരംഗത്ത് കർമ നിരതയായിരുന്നു ഇവർ. ഇന്ന് സജീവ രാഷ്ട്രീയത്തിലിലെങ്കിലും ചക്കോരത്തുകുളത്തെ വീട്ടിലിരുന്ന് സമകാലിക സംഭവങ്ങൾ സാകൂതം വീക്ഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധി കോഴിക്കോട് വന്നപ്പോൾ ശാരീരികസ്ഥിതി അനുവദിക്കാത്തതിനാൽ കാണാൻ കഴിയാഞ്ഞില്ലെന്നും കമലം പറഞ്ഞു.

ധന്യ എ