ദമാമില്‍ നിന്ന് ലണ്ടനിലേക്ക് നോണ്‍-സ്റ്റോപ്പ് സര്‍വീസുമായി ബ്രിട്ടീഷ് എയര്‍

Posted on: March 20, 2019 3:55 pm | Last updated: March 20, 2019 at 3:55 pm

ദമാം: ബ്രിട്ടീഷ് വിമാന കമ്പനിയായ ബ്രിട്ടീഷ് എയര്‍വേയ്‌സ് ദമാമില്‍ നിന്നും ലണ്ടനിലെ ഹീത്രോയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്ന് മുതലാണ് നേരിട്ട് സര്‍വീസ് തുടങ്ങുക. 660 ഡോളറാണ് ടിക്കറ്റ് നിരക്ക്. പുതിയ സര്‍വീസിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ബോയിംഗ് 777 -200 വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഫോര്‍ സ്റ്റാര്‍ സൗകര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഉണ്ടായിരിക്കുക.

ദമാമില്‍ നിന്ന് രാത്രി 12:30 ന് മണിക്ക് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.45 ന് ലണ്ടനിലെത്തും. ലണ്ടനില്‍ നിന്നും രാവിലെ 11:30ന് പുറപ്പെടുന്ന വിമാനം സഊദി പ്രാദേശിക സമയം 10:45 ന് ദമാമിലെത്തും.

നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ദമാം സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ ബഹ്റൈന്‍, റിയാദ് വിമാനത്താവളങ്ങള്‍ വഴിയാണ് യാത്രക്കാര്‍ ബ്രിട്ടനിലേക്ക് പോകുന്നത്. പുതിയ സര്‍വീസ് യൂറോപ്പ് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് മിഡില്‍ ഈസ്റ്റ്-ഏഷ്യ സെയില്‍സ് മാനേജര്‍ മോറന്‍ ബിര്‍ഗര്‍ പറഞ്ഞു