Connect with us

National

സഭയുടെ വിശ്വാസം നേടിയെടുത്ത് പ്രമോദ് സാവന്ത്

Published

|

Last Updated

പനാജി: വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭ. 15നെതിരെ 20 വോട്ടുകള്‍ക്കാണ് സാവന്ത് സഭയുടെ വിശ്വാസമാര്‍ജിച്ചത്. രാവിലെ 11.30ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം തുടങ്ങിയ സഭായോഗം ഉച്ചക്ക് ഒരുമണിയോടെയാണ് വോട്ടെടുപ്പ് നടത്തിയത്.

കൂറുമാറ്റം ഭയന്ന് സാവന്ത് നേരത്തെ എം എല്‍ എമാരെ പഞ്ചനക്ഷത്ര റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു. സാവന്തിനെ മുഖ്യമന്ത്രിയാക്കാനുള്ള ബി ജെ പി തീരുമാനത്തില്‍ ഇടഞ്ഞു നിന്നിരുന്ന മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്കും (എം ജി പി) ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും (ജി എഫ് പി) ഉപ മുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കിയാണ് അനുനയിപ്പിച്ചത്.

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് സാവന്തിനെ മുഖ്യമന്ത്രിയാക്കാനുള്ള നിര്‍ദേശം ബി ജെ പി നേതൃത്വം മുന്നോട്ടുവച്ചത്. എന്നാല്‍ നിര്‍ദേശം അംഗീകരിക്കാന്‍ സഖ്യകക്ഷികള്‍ ആദ്യം തയാറായില്ല. ചര്‍ച്ചകള്‍ക്കിടയില്‍ എം ജി പി എം എല്‍ എ. സുദിന്‍ ധാവേല്‍കറും പാര്‍ട്ടി അധ്യക്ഷന്‍ ദീപക് ധാവേല്‍കറും ബി ജെ പി നേതൃത്വവുമായി പിണങ്ങി. മനോഹര്‍ പരീക്കറിന്റെ സംസ്‌കാര ചടങ്ങുകളിലും ഇരുവരും പങ്കെടുത്തില്ല.

സാവന്തിനെ അംഗീകരിക്കാന്‍ തയാറില്ലെങ്കില്‍ മന്ത്രിസഭ പിരിച്ചുവിടാമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതോടെയാണ് ഇരു കക്ഷികളും വഴങ്ങിയത്. ഒരു ഉപ മുഖ്യമന്ത്രി സ്ഥാനമേ നല്‍കാനാവൂ എന്ന നിലപാടാണ് നിതിന്‍ ഗഡ്കരി സ്വീകരിച്ചത്. ഇതു വീണ്ടും പ്രശ്നങ്ങള്‍ക്കിടയാക്കി. പിന്നീട് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ട് എം ജി പിക്കും ജി എഫ് പിക്കും ഓരോ ഉപ മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയാണ് അന്തിമ തീരുമാനമുണ്ടായത്. സഖ്യ കക്ഷികളുടെ പിന്തുണക്കത്തുമായി രാത്രി പന്ത്രണ്ടരയോടെയാണ് സാവന്ത് രാജ്ഭവനിലെത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ 2.48ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.

ബി ജെ പി നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറിന് നിലവില്‍ 21 എം എല്‍ എമാരുടെ പിന്തുണയാണുള്ളത്. ബി ജെ പി-12, ജി എഫ് പി-3, എം ജി പി-3, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് കക്ഷി നില. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന് 14ഉം എന്‍ സി പിക്ക് ഒന്നും സീറ്റുണ്ട്. 40 അംഗ സഭയാണെങ്കിലും രണ്ടുപേരുടെ രാജി, പരീക്കര്‍ ഉള്‍പ്പടെ രണ്ടുപേരുടെ മരണവും മൂലം നിലവില്‍ 36 ആണ് നിയമസഭയിലെ അംഗസംഖ്യ.