റിയാദ് നഗരം ഗ്രീന്‍സിറ്റിയാകും; 86 ബില്യണ്‍ റിയാലിന്റെ നാല് പദ്ധതികള്‍ പ്രഖ്യാപിച്ചു

Posted on: March 19, 2019 11:30 pm | Last updated: March 19, 2019 at 11:31 pm

റിയാദ്: സഊദി തലസ്ഥാനമായ റിയാദ് നഗരത്തിന്റെ മുഖച്ഛായ മാറുന്നു. ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ സിറ്റിയാകാനൊരുങ്ങുകയാണ് തലസ്ഥാന നഗരം. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗമാണ് നഗരത്തില്‍ നടപ്പിലാക്കുന്ന പുതിയ നാല് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

കിംഗ് സാല്‍മാന്‍ പാര്‍ക്ക്, റിയാദ് ഗ്രീന്‍ പ്രോജക്ട്, സ്‌പോര്‍ട്‌സ് ട്രാക്ക്, ആര്‍ട്ട് പ്രോജക്ട് തുടങ്ങിയ പദ്ധതികളാണ് ആരംഭിക്കുന്നത്. റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, റിക്രിയേഷണല്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി. മിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

കിംഗ് സാല്‍മാന്‍ പാര്‍ക്ക്
13 കിലോമീറ്റര്‍ ചുറ്റളവിലാണ് കിംഗ് സല്‍മാന്‍ പാര്‍ക്ക് നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ലോകത്തിലെ വന്‍കിട പാര്‍ക്കുകളിലൊന്നായി ഇത് മാറും. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പേരാണ് പുതിയ പാര്‍ക്കിനു നല്‍കിയിരിക്കുന്നത്. ആര്‍ട്ട് കോംപ്ലക്‌സ്, മ്യൂസിയം, ഭക്ഷണ ശാലകള്‍, റോയല്‍ ഗോള്‍ഫ്, പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ആധുനിക പൂന്തോട്ടങ്ങള്‍, വിനോദ പരിപാടികള്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഇവിടെ ഉണ്ടായിരിക്കും.