ടി ഡി പി നേതാവ് നാമ നാഗേശ്വര്‍ റാവു പാര്‍ട്ടി വിട്ടു; ടി ആര്‍ എസില്‍ ചേര്‍ന്നേക്കും

Posted on: March 19, 2019 8:36 pm | Last updated: March 19, 2019 at 8:36 pm

ഹൈദരാബാദ്: തെലുങ്കാന മുന്‍ എം പിയും തെലുഗുദേശം പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ നാമ നാഗേശ്വര്‍ റാവു പാര്‍ട്ടി വിട്ടു. അദ്ദേഹം ഉടന്‍ തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) യില്‍ ചേരുമെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും വലിയ ധനാഢ്യരില്‍ ഒരാളാണ് നാഗേശ്വര്‍ റാവു. 113 കോടിയുടെ സ്വത്തുവകകളാണ് അദ്ദേഹത്തിനുള്ളത്.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖമ്മം നിയോജക മണ്ഡലത്തില്‍ നിന്നു മത്സരിച്ച റാവു ടി ആര്‍ എസിന്റെ പുവ്വാദ അജയ് കുമാറിനോട് പരാജയപ്പെട്ടിരുന്നു. ഇതോടെ അദ്ദേഹം ടി ഡി പി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങി. ഇക്കഴിഞ്ഞ ഞായറാഴ്ച അമരാവതിയില്‍ നടന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗത്തിലും റാവു പങ്കെടുത്തിരുന്നില്ല.

തിങ്കളാഴ്ച വൈകിട്ട് നാമ നാഗേശ്വര്‍ റാവു ടി ആര്‍ എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിനെ സിദ്ദിപേട്ട് ജില്ലയിലെ എരവെല്ലിയിലുള്ള കാര്‍ഷിക വസതിയില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഖമ്മം മണ്ഡലത്തിലെ ടി ആര്‍ എസ് സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിച്ചേക്കും.

അതേസമയം, കോണ്‍ഗ്രസും നാമ റാവുവിനെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന് ഖമ്മത്ത് തന്നെ പാര്‍ട്ടി ടിക്കറ്റ് നല്‍കാനാണ് കോണ്‍ഗ്രസിന്റെയും നീക്കം. കഴിഞ്ഞാഴ്ച സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട്് നാമ റാവുവിന്റെ അടിസ്ഥാന സൗകര്യ വികസന കമ്പനിയായ മധുകോണ്‍ പ്രോജക്ടില്‍ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു.