പാക് വ്യോമപാത തുറന്നില്ല; ആകാശത്ത് തിരക്കേറി; മുംബൈക്ക് മുകളില്‍ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്

Posted on: March 17, 2019 9:32 pm | Last updated: March 18, 2019 at 10:05 am

മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച വ്യേമപാത പാക്കിസ്ഥാന്‍ തുറക്കാത്തത് വ്യോമ ഗതാഗത സംവിധാനത്തെ താറുമാറാക്കുന്നു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ വ്യോമ പാതയില്‍ തിരക്കേറിയതിനാല്‍ അപകട സാധ്യതയും വര്‍ധിച്ചു. മുംബൈക്ക് മുകളില്‍ രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് ഒഴിവായത് തലനാരിഴക്കാണ്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

വിയറ്റ്‌നാമില്‍ നിന്ന് പാരീസിലേക്ക് പോയ എയര്‍ഫ്രാന്‍സ് വിമാനവും അബൂദബിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ഇത്തിഹാദ് വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കുന്ന ടിസിഎഎസ് സംവിധാനം ഉടന്‍ പ്രവര്‍ത്തിച്ചതിനാല്‍ രണ്ട് വിമാനങ്ങളും ദിശമാറ്റി ദുരന്തം ഒഴിവാക്കുകയായിരുന്നു.

31000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന ഇത്തിഹാദ് വിമാനത്തോട് 33000 അടിയിലേക്ക് ഉയരാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശം നല്‍കി. ഇതനുസരിച്ച് വിമാനം ഉയരുന്നതിനിടെ 32000 അടിയില്‍ പറക്കുകയായിരുന്ന എയര്‍ഫ്രാന്‍സ് വിമാനത്തിന്റെ നേര്‍ക്കുനേര്‍ വരികയായിരുന്നു. ഒരു വിമാനങ്ങളും തമ്മില്‍ മൂന്ന് നോട്ടിക്കല്‍ മൈല്‍ മാത്രമായിരുന്നു ഈ സമയം അകലം ഉണ്ടായിരുന്നത്. ടിസിഎഎസ് കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ലെങ്കില്‍ വന്‍ ദുരന്തമായിരുന്നു സംഭവിക്കുക.

കഴിഞ്ഞ മാസം 27നാണ് പാക്കിസ്ഥാന്‍ അവരുടെ വ്യോമപാത അടച്ചത്. പിന്നീട് ഇത് തുറക്കുമെന്ന് പലവട്ടം പ്രഖ്യാപിച്ചുവെങ്കിലും തുറന്നില്ല. ഏഴ് തവണ പാക്കിസ്ഥാന്‍ തിയതി മാറ്റിക്കഴിഞ്ഞു. തിങ്കളാഴ്ച തുറക്കുമെന്നാണ് ഒടുവില്‍ അറിയിച്ചിരിക്കുന്നത്.

പാക് വ്യോമപാത അടച്ചതോടെ ഇന്ത്യന്‍ വ്യോമപാതയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിമാനങ്ങളുടെ ആധിക്യം മൂലം ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ നിന്ന് യുഎസിലേക്കും യൂറോപ്പിലേക്കുമുള്ള പല അന്താരാഷ്ട്ര സര്‍വീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്.