വരും ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത ചൂട് തുടരും

Posted on: March 17, 2019 10:54 am | Last updated: March 17, 2019 at 10:54 am


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് അടുത്ത ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ചൂട് ക്രമാതീതമായി വർധിച്ചതിനാൽ ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്ത് സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ പാലക്കാട് 40 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. കൊല്ലം ജില്ലയിലെ പുനലൂരിൽ 37 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. മറ്റ് മിക്ക ജില്ലകളിലും 36 ഡിഗ്രിയായിരുന്നു താപനില.

തിരുവനന്തപുരത്ത് 35 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. അടുത്ത ദിവസങ്ങളിൽ ചൂട് രണ്ട് ഡിഗ്രി വരെ കൂടാൻ സാധ്യതയുണ്ട്. അതേസമയം കനത്ത ചൂടിനിടെ കേരള, ലക്ഷദ്വീപ്, തെക്കൻ തമിഴ്‌നാട്, കർണാടക തീരങ്ങളിൽ ഇന്ന് രാവിലെ 11 മണി മുതൽ നാളെ രാത്രി 11.30 വരെ തീര പ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
1.7 മീറ്റർ മുതൽ 2.0 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകുമെന്നും ആയതിനാൽ, ഇവിടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.