ഒത്തുതീർപ്പ് ചർച്ചകൾ അട്ടിമറിച്ചെന്ന് ആരോപണം; എൻഡോസൾഫാൻ ഇരകൾ സമരത്തിലേക്ക്

Posted on: March 17, 2019 10:52 am | Last updated: March 17, 2019 at 10:52 am

കാസർകോട്: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഒത്തുതീർപ്പ് വ്യവസ്ഥയിലെ പ്രധാന ആവശ്യം അട്ടിമറിച്ചെന്നാരോപിച്ച് ഇരകൾ വീണ്ടും സമരത്തിനൊരുങ്ങുന്നു. എൻഡോസൾഫാൻ ദുരിതബാധിതരുടെ നേതൃത്വത്തിൽ 19ന് കലക്ടറേറ്റ് മാർച്ച് നടത്തുമെന്നും സമരസമിതി ഭാരവാഹികളായ ദയാബായി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, മുനീസ അമ്പലത്തറ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദുരിതബാധിതരായ അമ്മമാരും കുട്ടികളും സെക്രട്ടേറിയറ്റിന് മുമ്പിൽ കഴിഞ്ഞ ജനുവരി 30 മുതൽ ഫെബ്രുവരി മൂന്ന് വരെ അനിശ്ചിതകാല പട്ടിണിസമരം നടത്തിയിരുന്നു. ഇവർക്ക് പിന്തുണയുമായി സാമൂഹിക പ്രവർത്തക ദയാബായി അനിശ്ചിതകാല നിരാഹാര സമരവും നടത്തിയിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ ചർച്ചയിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിച്ചില്ലെന്നും അതിൽ പ്രതിഷേധിച്ചാണ് കലക്ടറേറ്റ് മാർച്ച് നടത്തുന്നതെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ പ്രധാന ആവശ്യം അതിർത്തി നോക്കാതെ അർഹരായ മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽപ്പെടുത്തണമെന്നായിരുന്നു.എന്നാൽ ഇതു പാടെ അട്ടിമറിക്കപ്പെട്ടു.അതിർത്തി പ്രശ്നമാണ് മുഖ്യ വിഷയമായി മുഖ്യമന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുത്ത് ഫെബ്രുവരി 10 നകം സർക്കാർ ഉത്തരവിറക്കുമെന്നായിരുന്നു ചർച്ചയിലെ തീരുമാനം. കഴിഞ്ഞ രണ്ടിന് ഇറങ്ങിയ സർക്കാർ ഉത്തരവിൽ ഈ ആവശ്യം നിരാകരിക്കപ്പെട്ടിരിക്കുകയാണെന്നും 11 ദുരിത ബാധിത പഞ്ചായത്തുകളിൽ താമസിക്കുന്നവരെയും ഇവിടെ നിന്നു പുറത്തു പോയി താമസിക്കുന്നവരെയും മാത്രമേ പട്ടികയിലേക്ക് പരിഗണിക്കുകയുള്ളൂവെന്നാണ് പുതിയ ഉത്തരവിലുള്ളതെന്ന് ഇവർ പറഞ്ഞു.വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും തിരഞ്ഞെടുപ്പിൽ എന്തു നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെയായി തീരുമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. മാർച്ചിന്റെ മുന്നോടിയായുള്ള പ്രകടനം അന്നേ ദിവസം രാവിലെ 10ന് കാസർകോട് ഗവ. കോളജ് പരിസരത്ത് നിന്നാരംഭിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.