Connect with us

Kozhikode

എസ് ഡി പി ഐ- ലീഗ് രഹസ്യ ചർച്ച; ലീഗ് പ്രതിരോധത്തിൽ

Published

|

Last Updated

എസ് ഡി പി ഐയുമായുള്ള രഹസ്യ ചർച്ചയുടെ വീഡിയോ പുറത്ത് വന്നതോടെ മുസ്‌ലിം ലീഗ് പ്രതിരോധത്തിൽ. പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബശീറും നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിക്കാനാകാതെ കുഴങ്ങുകയാണ് മുസ്‌ലിം ലീഗ് നേതൃത്വം.

ആദ്യം കൂടിക്കാഴ്ച നിഷേധിച്ച പാർട്ടി നേതാക്കൾ വീഡിയോ പുറത്ത് വന്നതോടെ എസ് ഡി പി ഐ നേതാക്കളുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ചു. പൊന്നാനിക്കപ്പുറം കൂടിക്കാഴ്ച സംസ്ഥാനത്താകെ ഇടതുമുന്നണി പ്രചാരണായുധമാക്കിയതോടെ യു ഡി എഫും പ്രതിരോധത്തിലായി. കൂടിക്കാഴ്ചക്ക് ബെന്നിബെഹനാനും ഉണ്ടായിരുന്നുവെന്ന പൊന്നാനി മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി പി വി അൻവറിന്റെ ആരോപണം യു ഡി എഫിനെയാകെ ലക്ഷ്യം വെച്ചാണ്. വീഡിയോ പുറത്ത് വന്നതോടെ കൂടിക്കാഴ്ചയിൽ രാഷ്‍ട്രീയമില്ലെന്ന നിലപാടുമായാണ് കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബശീറും പ്രതിരോധിക്കാനെത്തിയത്.

എന്നാൽ എസ് ഡി പി ഐ പ്രസിഡന്റ്മജീദ് ഫൈസി രാഷ്‍ട്രീയം സംസാരിച്ചുവെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയതോടെ പിന്നീട് വിശദീകരിക്കാനാകാതെ ലീഗ് നേതാക്കൾ പരുങ്ങി. ബി ജെ പിയല്ലാത്ത ഏത് രാഷ്‍ട്രീയ പാർട്ടികളുമായും ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പലവട്ടം എസ് ഡി പി ഐ നേതാക്കളും ലീഗ് നേതാക്കളും കണ്ടതായും അദ്ദേഹം പറഞ്ഞു.
അതേസമയം, എസ് ഡി പി ഐ- പോപ്പുലർ ഫ്രണ്ട് നേതാക്കളുമായുള്ള കൂടിക്കാഴ്ച തീവ്രവാദ സംഘടനകളുമായി കൂട്ടുകൂടില്ലെന്ന മുസ്‌ലിം ലീഗിന്റെ സൈദ്ധാന്തിക പ്രചാരണത്തിന് തിരിച്ചടിയുമായി.

മുസ്‌ലിം ലീഗ് എടുത്ത നിലപാടുകളാണ് സമുദായത്തെ തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് അകറ്റിയതെന്ന പ്രചാരണമായിരുന്നു ലീഗിന്റേത്. ഈ പ്രചാരണത്തെ നിരാകരിക്കുന്ന രീതിയിൽ പാർട്ടിയുടെ സമുന്നതരായ രണ്ട് നേതാക്കൾ തന്നെയാണ് ഇതിന് നേതൃത്വം വഹിച്ചത്. നേതാക്കളുടെ നിലപാടിനെതിരെ കടുത്ത സ്വരത്തിൽ യൂത്ത് ലീഗുൾപ്പെടെ രംഗത്ത് വന്നു. ഈ പച്ചക്കൊടി ഒരു തീവ്രവാദിക്ക് മുമ്പിലും പണയപ്പെടുത്തേണ്ടതല്ലെന്ന മുന്നറിയിപ്പുമായി യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിട്ടു. മുസ്‌ലിം ലീഗിന് ജയിക്കാൻ ഒരു തീവ്രവാദിയുടെ കൂടെയും പോകേണ്ടതില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
പൊന്നാനിയിൽ പി വി അൻവറിനെതിരെ മത്സരിക്കുന്ന ലീഗ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബശീറിന്റെ വിജയസാധ്യതയെ കൂടി ചോദ്യം ചെയ്യുന്നതാണ്.

മണ്ഡലത്തിൽ പാർട്ടിയുമായി പടലപ്പിണക്കത്തിലുള്ള കോൺഗസിന്റെ മുഴുവൻ വോട്ടും പെട്ടിയിൽ വീഴില്ലെന്ന പേടിയുടെ കൂടി സാഹചര്യത്തിലായിരുന്നു ലീഗിന്റെ കൂടിക്കാഴ്ച. മലപ്പുറം മണ്ഡലത്തിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ എസ് ഡി പി ഐക്ക് സ്ഥാനാർഥിയില്ലാതിരുന്നത് നേരത്തെയും ഇത്തരത്തിലുള്ള നീക്കുപോക്കുകൾ നടന്നിരുന്നുവെന്നതിന്റെ സൂചനയിലേക്കും വിരൽ ചൂണ്ടുന്നു. എന്നാൽ കൂടിക്കാഴ്ചയുടെ മുഴുവൻ ഉത്തരവാദിത്തവും ഇ ടി മുഹമ്മദ് ബശീറിന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമവും ഇന്നലെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിൽ പ്രകടമാണ്. താൻ ഏഴ് മിനുട്ട് മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂവെന്നും അതിനിടയിൽ എന്ത് ചർച്ചയാണ് നടക്കുകയെന്നാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ ചോദിച്ച്ത്. പൊന്നാനിക്ക് വേണ്ടി മാത്രമായിരുന്നു ചർച്ചയെന്ന് സൂചിപ്പിച്ച അദ്ദേഹം അതിന്റെ ഉത്തരവാദിത്തം ഇ ടി മുഹമ്മദ് ബശീറിനാണെന്നും പരോക്ഷമായി വ്യക്തമാക്കി.

താനെത്തുന്നതിന് തൊട്ടുമുമ്പ് എന്ത് അവിടെ നടന്നുവെന്ന് തനിക്കറിയില്ലെന്ന അദ്ദേഹത്തിന്റെ വിശദീകരണം ഇ ടിയെ ബലിയാടാക്കാനാണ്. നരേന്ദ്ര മോദിയുടെ വർഗീയ നിലപാടുകൾ കൂടി ഉയർത്തിക്കാട്ടി വോട്ട് പിടിക്കുന്ന ഈ ലോക്‌സഭാ തിരിഞ്ഞെടുപ്പിൽ വർഗീയ ശക്തികളെന്ന് പാർട്ടി തന്നെ വ്യക്തമാക്കിയ എസ് ഡി പി ഐ, പോപുലർ ഫ്രണ്ട് നേതാക്കളുമായുള്ള പാർട്ടി നേതാക്കളുടെ കൂടിക്കാഴ്ച വരും ദിവസങ്ങളിൽ മുസ്‌ലിം ലീഗിൽ കൂടുതൽ വിമർശനങ്ങൾ വഴിവെച്ചേക്കും.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest