Connect with us

Kozhikode

കടലുണ്ടി പക്ഷി സങ്കേതത്തിലേക്ക് പക്ഷികളുടെ വരവ് കുറയുന്നു

Published

|

Last Updated

ദേശാടന പക്ഷികൾ ഒഴിഞ്ഞ കടലുണ്ടി പക്ഷിസങ്കേതം

ഫറോക്ക്: കടലുണ്ടി പക്ഷിസങ്കേതത്തിലേക്കുള്ള ദേശാടന പക്ഷികളുടെ വരവ് കുറയുന്നു. എങ്ങും മരങ്ങളും പുല്ലും വെള്ളവുമെല്ലാം കണ്ടിരുന്ന കടലുണ്ടി പക്ഷിസങ്കേതത്തിന്റെ അവസ്ഥ ഇപ്പേങറ്റ വളരെ ദയനീയമാണ്. വെള്ളം വറ്റിവരണ്ട് മണൽക്കൂമ്പാരം കണ്ടു തുടങ്ങി. ഇങ്ങനെ മണൽ അടിഞ്ഞുകൂടി തീറ്റപ്പാടം അപ്രത്യക്ഷമായതോടെ കടലുണ്ടി പക്ഷിസങ്കേതത്തിൽനിന്നു ദേശാടനക്കിളികൾ പറന്നകലുന്ന കാഴ്ചയാണ് കാണുന്നത്.
സെപതംബർ മുതൽ മെയ് വരെയാണ് കടലുണ്ടി പക്ഷിസങ്കേതത്തിൽ കൂടുതലായി ദേശാടന പക്ഷികളെത്താറുള്ളത്. ഇത്തവണ സീസണിന്റെ പകുതി പിന്നിട്ടിട്ടും പക്ഷിസങ്കേതം ഒഴിഞ്ഞ് കിടക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും പക്ഷിസങ്കേതത്തിലെ മലനീകരണവും മനുഷ്യ സാമീപ്യവുമാണ് പക്ഷികളുടെ വരവ് കുറയാനിടയാക്കുന്നതെന്നാണ് പക്ഷി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കിളിനാദവും കലപില ശബ്ദവും ചിറകടിയൊച്ചയും ഒന്നും കേൾക്കാനേയില്ല. സമൃദ്ധമായ ഭക്ഷണം, ശത്രുക്കളിൽ നിന്നു സംരക്ഷണം, കാലാവസ്ഥ തുടങ്ങി ആവാസ വ്യവസ്ഥയ്ക്ക് അനുകൂല ഘടകമുള്ളതായിരുന്നു കടലുണ്ടിയെ പക്ഷികളുടെ സ്വർഗ തീരമാക്കിയിരുന്നത്.

സീസണിൽ 135 ലധികം ഇനം പക്ഷി വർഗങ്ങൾ എത്തിയിരുന്ന കടലുണ്ടിയിൽ ഇത്തവണ വിരലിലെണ്ണാവുന്ന ഇനങ്ങൾ മാത്രമാണ് എത്തിയിട്ടുള്ളത്. കടൽ കാക്കകൾ, ചോരക്കാലി, പച്ചക്കാലി, ചെറു മണൽകോഴി, പമീർ, മുങ്ങൽ കോഴി, മണലൂതി, നീർക്കാട തുടങ്ങിയ ഇനങ്ങളെ മാത്രമെ ഇത്തവണ പക്ഷിസങ്കേതത്തിൽ കണ്ടെത്താനായിട്ടുള്ളൂ. കഴിഞ്ഞ 13 വർഷത്തിനിടെ ആദ്യമായാണ് ദേശാടന പക്ഷികളുടെ വരവ് ഇത്രയും കുറഞ്ഞത്.

സാധാരണയായി ഒറ്റത്തവണ തന്നെ നാലായിരം കടൽക്കാക്കകളെ പക്ഷിസങ്കേതത്തിൽ സീസണുകളിൽ കാണാമായിരുന്നു. മുടങ്ങാതെ എത്തിയിരുന്ന കടൽ കാക്കകളുടെ വരവും ഈ വർഷം കുറവാണ്. തദ്ദേശിയമായ പക്ഷികൾക്ക് പുറമെ സൈബീരിയയിൽ നിന്നുൾപ്പെടെയുള്ള പക്ഷികളും ഇവിടെയെത്തിയിരുന്നു.

കടലുണ്ടിപ്പുഴയുടെ അഴിമുഖത്തോട് ചേർന്ന ചളി തിട്ടയായിരുന്നു ഇവയുടെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ. ചളിത്തിട്ടയിലെ തീറ്റകളായിരുന്നു ദേശാടന പക്ഷികളെ കടലുണ്ടിയിലെത്തിച്ചിരുന്ന പ്രധാന ഘടകം. ഞണ്ട്, വിരകൾ, കക്കാ വർഗങ്ങൾ, ചെറുമത്സ്യങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. മണലടിഞ്ഞു തീറ്റപ്പാടം അപ്രത്യക്ഷമായതോടെ പക്ഷികളുടെ ഭക്ഷണ സ്രോതസും നഷ്ടപ്പെട്ടു. ചെളികളിൽ ഇരതേടുന്ന ചെറുകാലുള്ള പക്ഷികളെയും ഇത് ബാധിച്ചു. എന്നാൽ അനിയന്ത്രിതമായ മലനീകരണവും ഈ ചെളിത്തിട്ടയിൽ തീറ്റ കുറയാൻ ഇടയാക്കിയിരിക്കുകയാണ്.

കടലുണ്ടിപ്പുഴക്ക് കുറുകെയുള്ള പാലങ്ങളിൽ നിന്നും അറവ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും തള്ളുന്നത് പതിവായിട്ടുണ്ട്. ഇവ പക്ഷിസങ്കേതത്തിലെ ചളിത്തിട്ടയിൽ വന്നടിയുന്നതാണ് മലിന കാരണത്തിനിടയാക്കുന്നത്. കമ്മ്യൂണിറ്റി റിസർവ്വ് വാച്ചർമാർ ദിവസേന ശുചീകരണം നടത്തുന്നുണ്ടങ്കിലും പ്രശ്‌നം രൂക്ഷമായി തുടരുകയാണ്.
റിസർവിൽ ക്യാമ്പിനായി എത്തുന്നവരും ശുചീകരണ പ്രവൃത്തി നടത്തി വരുന്നുണ്ട്. എന്നാൽ ഇത് കൊണ്ട് മാത്രം പക്ഷിസങ്കേതം സംരക്ഷിക്കാനാവാത്ത സ്ഥിതിയാണുള്ളത്.

Latest