പുറമേ ഹൽവ, അകത്ത് കഞ്ചാവ്; ഗൾഫ് യാത്രക്കാരൻ രക്ഷപ്പെട്ടത് ഭാഗ്യത്തിന്

Posted on: March 16, 2019 11:15 am | Last updated: March 16, 2019 at 11:15 am
ഹൽവക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ

താമരശ്ശേരി: ഹൽവക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് വിദേശത്തേക്ക് കൊടത്താൻ ശ്രമം. പുതുപ്പാടി അടിവാരം കമ്പിവേലുമ്മൽ അഷ്‌റഫിന്റെ മകൻ അനീഷാണ് ഭാഗ്യം കൊണ്ട് ചതിയിൽ നിന്ന് രക്ഷപ്പെട്ടത്. അബൂദബിയിൽ നിന്ന് അവധിക്കെത്തിയ അനീഷിന്റെ മാതൃ സഹോദരൻ കുഞ്ഞാവ എന്ന സിദ്ദീഖ് ദുബൈയിലുള്ള മകൻ ഷാനിദിന് നൽകാൻ ഏൽപ്പിച്ചതെന്നും പറഞ്ഞ് പുതുപ്പാടി വള്ളിക്കെട്ടുമ്മൽ മുനീഷ്(23) ആണ് ഹൽവയുമായി എത്തിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഹൽവ പൊതിഞ്ഞതിൽ സംശയം തോന്നി അഴിച്ചു പരിശോധിച്ചപ്പോഴാണ് ഹൽവക്കുള്ളിൽ കഞ്ചാവ് പൊതികൾ ഒളിപ്പിച്ചു വെച്ചതായി കണ്ടെത്തിയത്. ഒന്നര കിലോ ഹൽവ തുരന്ന് രണ്ട് പൊതികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചത്. അനീഷ് ഹൽവ വീട്ടിൽ ഏൽപ്പിച്ച് വിദേശത്തേക്ക് പോവുകയും അനീഷിന്റെ ബന്ധുക്കളും നാട്ടുകാരും ഇന്നലെ ഉച്ചയോടെ മുനീഷിനെ പിടികൂടുകയുമായിരുന്നു. താമരശ്ശേരി എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെയും കഞ്ചാവ് ഒളിപ്പിച്ച ഹൽവയും കസ്റ്റഡിയിലെടുത്തു. വിവിധ സ്റ്റേഷനുകളിൽ മുനീഷിനെതിരെ മോഷണം, കഞ്ചാവ് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും.