ഫ്‌ളക്‌സുകള്‍ നിരോധിച്ചതു കൊണ്ടായില്ല

Posted on: March 16, 2019 10:28 am | Last updated: March 16, 2019 at 10:28 am

ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ് ളക്‌സ്‌ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ്. ഒരു കാലത്തും നശിക്കാതെ കിടക്കുന്ന വസ്തുവാണ് ഫഌക്‌സ്. ഇതിന് നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹരജി പരിഗണിക്കവെ, ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇവ സൃഷ്ടിക്കുന്നതായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോടതി ബഞ്ച് ചൂണ്ടിക്കാട്ടി. പരസ്യങ്ങള്‍ക്ക് വേണ്ടി ഇത്തരം വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയാല്‍ കര്‍ശന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട്, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെയും മലനീകരണ ബോര്‍ഡിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും എതിര്‍ കക്ഷികളാക്കി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മാത്രം ഒതുക്കേണ്ടതല്ല കടുത്ത ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഫ്ളക്‌
സുകള്‍ നിരോധിക്കാനുള്ള തീരുമാനം. എല്ലാ കാലത്തും മുഴുവന്‍ മേഖലകളിലും ഇത് നടപ്പാക്കേണ്ടതാണ്. അതിന്നായുള്ള മുറവിളികള്‍ പരിസ്ഥിതി വാദികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. കോടതി മുമ്പാകെ തന്നെ ഇതുസംബന്ധിച്ചു ഒന്നിലധികം ഹരജികളുണ്ട്. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നിന്ന് കുറച്ച് ഭാഗത്തിന് മാത്രമേ ഫഌക്‌സ് നിരോധനം കൊണ്ട് പരിഹാരമാകൂ. വഴിയോരങ്ങളിലെ കൂറ്റന്‍ പരസ്യങ്ങള്‍ അതിലപ്പുറം ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിലാണ് പലയിടത്തും അലക്ഷ്യമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജംഗ്ഷനുകളിലെ റൗണ്ടാനകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണെങ്കിലും അത്തരം സ്ഥലങ്ങളിലും കാണാം പരസ്യ ബോര്‍ഡുകള്‍. കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ റൗണ്ടാനകളെയാണ് തിരഞ്ഞെടുക്കുന്നത്. ഇത് വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നു. സമ്മേളനങ്ങളുടെയും പൊതു പരിപാടികളുടെയും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ പരിപാടികള്‍ അവസാനിച്ച് ആഴ്ചകള്‍ കഴിഞ്ഞാലും അവ നീക്കം ചെയ്യാറില്ല. കാറ്റിലും മഴയിലും തകര്‍ന്നുവീണ് ഇവ അപകടങ്ങള്‍ വരുത്തിവെക്കാറുണ്ട്. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനോ നടന്ന് പോകാനോ പോലും സൗകര്യമില്ലാത്ത റോഡുകളുടെ വലിയൊരു ഭാഗം കവരുന്നത് പരസ്യ ബോര്‍ഡുകളാണ്. ഒന്നര ടണ്ണോളം ഫ്ളക്‌സാണ് സംസ്ഥാനത്ത് പരസ്യങ്ങള്‍ക്കായി പ്രതിദിനം ഉപയോഗിക്കുന്നത.്

2014ല്‍ യു ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഫ്ളക്‌സ്‌
ബോര്‍ഡുകള്‍ നിരോധിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്വന്തം പടവും പരസ്യവുമുള്ള ഫഌക്‌സ് ബോര്‍ഡ് കീറിക്കളഞ്ഞ് നിരോധന നടപടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇതു പക്ഷേ മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാറിനായില്ല. നിരോധന ഉത്തരവ് അട്ടിമറിച്ചു കൊണ്ട് സര്‍ക്കാറിന്റെയും ഭരണ കക്ഷികളുടെയും പരസ്യങ്ങള്‍ തന്നെ താമസിയാതെ ഫഌക്‌സില്‍ പ്രത്യക്ഷപ്പെട്ടു. വഴിയോരത്തെ മരങ്ങളിലും നടപ്പാതകളിലും റോഡ് മീഡിയനുകളിലും പരസ്യങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2016 ഫെബ്രുവരി രണ്ടിന് സര്‍ക്കാര്‍ മറ്റൊരു പരസ്യനയം പ്രഖ്യാപിച്ചു. ട്രാഫിക് സിഗ്‌നലുകള്‍, ട്രാഫിക് അടയാളങ്ങള്‍, സൂചികകള്‍, വഴിയോരങ്ങളിലെ ഇരിപ്പിടങ്ങള്‍ എന്നിവയിലൊന്നും പരസ്യങ്ങള്‍ പാടില്ല. റോഡരുകില്‍ നിന്നോ നടപ്പാതകളില്‍ നിന്നോ 50 മീറ്റര്‍ ദൂരത്തിനകത്ത് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കരുത്. ബസ് സ്‌റ്റോപ്പിലും ബസ് ഷെല്‍ട്ടറുകളിലും കെ എസ് ഇ ബിയുടെ തൂണുകളിലും പാലങ്ങളുടെയും ഫ്‌ളൈ ഓവറുകളുടെയും കൈവരിയിലും പരസ്യം പാടില്ല. റോഡരുകില്‍ നിന്ന് മാറി നിയമപ്രകാരം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജില്ലാതല റോഡ് സുരക്ഷാ കൗണ്‍സിലില്‍ നിന്ന് അനുമതി വാങ്ങണം തുടങ്ങിയവയാണ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ ഈ നയത്തില്‍ പറഞ്ഞിരുന്നത്. ഈ വ്യവസ്ഥകളും വ്യാപകമായി ലംഘിക്കപ്പെട്ടു കൊണ്ടിരിക്കയാണ്.
ഫഌക്‌സ് ഉപയോഗത്തിന്റെ ദോഷവശങ്ങളും നിരോധനം

മൂലം തൊഴില്‍ മേഖലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സര്‍ക്കാര്‍ ഇതിനിടെ തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിയമ സെക്രട്ടറി, വ്യവസായ വകുപ്പ് ഡയറക്ടര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന സമിതിയെ നിയോഗിച്ചിരുന്നു. ഫ് ളക്‌സ്‌ ബോര്‍ഡുകള്‍ക്കു പകരം പോളി എഥിലീന്‍ നിര്‍മിതമോ അതുപോലുള്ള വസ്തുക്കളുടെയോ ഉപയോഗമേ അനുവദിക്കാവൂ എന്നത് ഉള്‍പ്പടെ സമിതി കുറേ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചു. ഫഌക്‌സിതര വസ്തുക്കളില്‍ പരസ്യം അച്ചടിക്കുമ്പോള്‍ പുനഃചംക്രമണം ചെയ്യാവുന്നത്, പി വി സി ഘടകം ചേരാത്തത് എന്നിവ രേഖപ്പെടുത്തിയ ലോഗോ ഉറപ്പാക്കണം, ഉപയോഗം അവസാനിക്കുന്ന തീയതിയും അച്ചടിക്കുന്ന സ്ഥാപനത്തിന്റെ പേരും രേഖപ്പെടത്തണം. അച്ചടിപ്പിക്കുന്ന ആളിന്റെ പൂര്‍ണ വിവരങ്ങള്‍ അച്ചടി സ്ഥാപനം സൂക്ഷിക്കണം, ഉപയോഗം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചവര്‍ ശേഖരിച്ച് അച്ചടിശാലക്ക് എത്തിക്കണം. നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശസ്ഥാപനത്തിന് പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടാക്കണം തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍. സമിതിയുടെ ശിപാര്‍ശകള്‍ ഇതുവരെയും നടപ്പാക്കിയിട്ടില്ല. വഴിയോര പരസ്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഈ അനാസ്ഥ പല തവണ കോടതിയുടെ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. പരസ്യ നയങ്ങള്‍ ഇടക്കിടെ പുതുക്കിയതു കൊണ്ടോ സമിതികളെ നിയോഗിച്ചതു കൊണ്ടോ ആയില്ല. അവ കാര്യക്ഷമമായി നടപ്പാക്കാനുള്ള തുടര്‍ നടപടികള്‍ കൂടി ഉണ്ടാകണം.