തരൂരിന്റെ ബന്ധുക്കളെ ‘വീണ്ടും’ പാര്‍ട്ടിയില്‍ ചേര്‍ത്തു; വെട്ടിലായി ബി ജെ പി

Posted on: March 15, 2019 7:14 pm | Last updated: March 15, 2019 at 9:02 pm

കൊച്ചി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ മാതൃ സഹോദരിയും ബന്ധുക്കളും ഉള്‍പ്പടെ 14 പേര്‍ക്ക് ബി ജെ പിയില്‍ അംഗത്വം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബി ജെ പി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയാണ് ഇവരെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അതേസമയം, തങ്ങള്‍ നേരത്തെ തന്നെ ബി ജെ പിക്കാരാണെന്നും ഇങ്ങനെയൊരു സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തരൂരിന്റെ മാതൃ സഹോദരി ശോഭന ശശികുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ ചടങ്ങ് എന്തിനായിരുന്നുവെന്ന് സംഘാടകരോടാണ് ചോദിക്കേണ്ടതെന്നും അവരാണ് അതിന് മറുപടി പറയേണ്ടതെന്നും ശോഭന വ്യക്തമാക്കി.

കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ടോം വടക്കന്‍ ബി ജെ പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് 14 പേര്‍ക്ക് അംഗത്വം നല്‍കുകയാണെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചതും ഇവര്‍ക്കായി സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചതും.