Connect with us

Kozhikode

രാഹുലിന് ചിത്രം സമ്മാനിച്ച് കൃതാർഥനായി മാട്ടി

Published

|

Last Updated

ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്ന സമ്മേളനത്തിൽ
രാഹുലിന് മാട്ടി മുഹമ്മദ് ചിത്രം സമ്മാനിക്കുന്നു

വേങ്ങര: ചിത്രകാരൻ മാട്ടി മുഹമ്മദിന്റെ ജീവിതത്തിലെ അഭിമാന നിമിഷത്തിന് ഇന്നലെ കോഴിക്കോട് കടപ്പുറം സാക്ഷിയായി. രാഹുൽ ഗാന്ധിയുടെ ചിത്രം വരച്ച് നേരിട്ട് സമ്മാനിച്ച് പ്രശംസക്ക് അർഹമായിരിക്കുകയാണ് വൈകല്യത്തെ അതിജയിച്ച ഈ കലാകാരൻ.
വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥനായ മാട്ടി എന്ന പേരിലറിയുന്ന മുഹമ്മദ് മലപ്പുറം കോഡൂർ സ്വദേശിയാണ്. ജന്മനാ ഒരു കൈ മാത്രമുള്ള മാട്ടി കരവിരുതിൽ ശ്രദ്ധേയനാണ്. ക്യാൻവാസിൽ വരച്ച രാഹുൽ ഗാന്ധിയുടെ ചിത്രം അദ്ദേഹത്തിന് നേരിട്ട് നൽകണമെന്ന ആഗ്രഹം സുഹൃത്തുക്കളോട് പങ്ക് വെച്ചപ്പോൾ അവസരവും വീണു കിട്ടി.

ഇന്നലെ രാഹുൽ കേരളത്തിലെത്തിയപ്പോൾ കോഴിക്കോട് കടപ്പുറത്തെ വേദിയിൽ വെച്ച് നേരിട്ട് ചിത്രം രാഹുലിന് സമ്മാനിച്ചു. പ്രത്യേകം പ്രശംസിച്ച രാഹുൽ ഗാന്ധി സന്തോഷം ഫേസ് ബുക്കിലും പോസ്റ്റ് ചെയ്തു. സ്‌കൂൾ തലം മുതൽ ചിത്ര കലയിൽ സജീവമായിരുന്നു മാട്ടി. സ്‌കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.

പ്രീ ഡിഗ്രിക്കുശേഷം ചിത്ര കലയിലേക്ക് പ്രവേശിച്ചു. ഒഴിവ് സമയങ്ങളിലെല്ലാം ചിത്രങ്ങൾ വരക്കുക പതിവായിരുന്നു. ആദ്യം വാട്ടർ കളർ ചിത്രങ്ങൾ വരച്ചിരുന്നത്. 2013 ൽ സംസ്ഥാന സർവീസിൽ പഞ്ചായത്ത് ഡിപ്പാർട്ട്‌മെന്റിൽ വേങ്ങര പഞ്ചായത്തിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. ഈ സമയത്ത് വീണ്ടും സജീവമായി ചിത്ര കലയിലേക്ക് പ്രവേശിച്ചു. സുഹൃത്ത് പാണക്കാട് മുഹീഈൻ അലി തങ്ങളുടെ നിർദേശ പ്രകാരം പുതുമയുള്ള ലൈറ്റിംഗ് ചിത്രങ്ങൾ ആരംഭിച്ചു. രാത്രിയുടെ സൗന്ദര്യം പ്രമേയമാക്കി അക്രാലിക് കളർ ഉപയോഗിച്ച് ക്യാൻവാസിൽ ചിത്രങ്ങൾക്ക് തുടക്കം കുറിച്ചു. രാത്രി സമയങ്ങളിലാണ് വരകൾ അധികവും.

കേരളത്തിലും പുറത്തും പ്രദർശനങ്ങൾ നടത്തുക, ചിത്രങ്ങളുടെ വിൽപ്പനക്ക് മലപ്പുറത്ത് ആർട്ട് ഗ്യാലറി തുടങ്ങുക എന്നിവ മാട്ടിയുടെ സ്വപ്‌നങ്ങളായിരുന്നു.
ചിത്ര രചനയിൽ ഭാര്യ മുംതാസ് മക്കളായ മുർഷിദ സഫ്‌വാൻ, റിയ എന്നിവർ സഹായിക്കുന്നു. 2011 ലെ കേരള സംസ്ഥാന സർക്കാറിന്റെ മികച്ച തൊഴിലാളിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.